സുപ്രീംകോടതി പ്രത്യേക അധികാരം ഉപയോഗിച്ചു; അസം ഖാന് ഇടക്കാല ജാമ്യം
ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വഞ്ചനാ കേസില്‍ ഏറെ നാളായി ജയിലിലാണ് അസം ഖാന്‍. കൂടാതെ അദ്ദേഹത്തിനെതിരെ മറ്റു നിരവധി കേസുകളും ഉത്തര്‍ പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാം രാഷ്ട്രീയപ്രേരിതമായ കേസാണെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിക്കുന്നു. അസം ഖാന് ജാമ്യം നല്‍കുന്നതിനെ നേരത്തെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ്.

ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ എന്നിവരും ഡിവിഷന്‍ ബെഞ്ചില്‍ അംഗങ്ങളാണ്. അസം ഖാന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം. അസം ഖാന്റെത് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കേസാണ് എന്നാണ് കോടതി വിലയിരുത്തല്‍. നേരത്തെ ലോക്‌സഭാംഗമായിരുന്ന അസം ഖാന്‍ ഇപ്പോള്‍ ഉത്തര്‍ പ്രദേശ് നിയമസഭാംഗമാണ്. രാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. മണ്ഡലത്തില്‍ അസം ഖാന്‍ പ്രചാരണം നടത്തിയിരുന്നില്ല. ജയില്‍ വാസം അനുഭവിക്കവെയാണ് അദ്ദേഹം ജനവിധി തേടിയത്.
അസം ഖാനെ സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ് അവഗണിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ഇതുവരെ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അഖിലേഷ് തയ്യാറായിട്ടില്ല. സമാജ്‌വാദി പാര്‍ട്ടിയിലെ മുസ്ലിം നേതാക്കള്‍ ഈ വിഷയത്തില്‍ വിമത സ്വരം ഉയര്‍ത്തിയിരുന്നു. വിഷയം ഉയര്‍ത്തിക്കാട്ടി മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി മുതലെടുപ്പിനും ശ്രമിച്ചിരുന്നു. മുസ്ലിങ്ങളുടെ വോട്ട് മാത്രം എസ്പിക്ക് മതിയെന്നും മുസ്ലിങ്ങളെ ആവശ്യമില്ല എന്നുമായിരുന്നു ഉവൈസിയുടെ ആക്ഷേപം. അസം ഖാനെ ഉവൈസി ജയിലില്‍ സന്ദര്‍ശിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
നിയമപരമായ പരിഹാരം വൈകുകയാണെങ്കില്‍ പ്രത്യേക ഇടപെടലിന് സുപ്രീംകോടതിക്ക് അനുമതി നല്‍കുന്ന നിയമമാണ് ആര്‍ട്ടിക്കിള്‍ 142. ഭൂമി കൈയ്യേറുകയും റാംപൂര്‍ പബ്ലിക് സ്‌കൂളുമായി ബന്ധപ്പെട്ട രേഖയില്‍ കൃത്രിമം കാണിക്കുകയും ചെയ്തു എന്ന കേസിലാണ് കോടതി ഇടപെടലുണ്ടായത്. സ്‌കൂളിന് അംഗീകാരം കിട്ടാന്‍ വേണ്ടി അസം ഖാന്‍ വ്യാജ രേഖ ചമച്ചുവെന്നാണ് പോലീസ് പറയുന്നത്. അലഹാബാദ് ഹൈക്കോടതിയില്‍ അസം ഖാന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ വേളയിലാണ് അസം ഖാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
2020 മുതല്‍ സീതാപൂരിലെ ജയിലിലാണ് അസം ഖാന്‍. അസം ഖാന്‍ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമായി ജയിലില്‍ കിടക്കുന്ന അസം ഖാന്‍ എങ്ങനെയാണ് പോലീസിനെ ഭീഷണിപ്പെടുത്തുക എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ചോദിച്ചു. അസം ഖാനെതിരെ 88 കേസുകളാണുണ്ടായിരുന്നത്. എല്ലാത്തിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ഈ വേളയിലാണ് പുതിയ കേസെടുത്തത്. പുതിയ കേസിലും ജാമ്യം ലഭിച്ചതോടെ അദ്ദേഹം ജയില്‍ മോചിതനാകുമെന്നാണ് കരുതുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അസം ഖാന്‍ ജയിച്ചിരുന്നു. രാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവധി തേടിയത്. എന്നാല്‍ ഈ വര്‍ഷം നടന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മല്‍സരിച്ചു. ഈ മല്‍സരം ജയിലില്‍ കിടന്നിട്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ചതോടെയാണ് ജാമ്യാപേക്ഷയുമായി അദ്ദേഹം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications