സനാതന ധർമ്മ വിവാദം; 'കൃത്യമായ മറുപടി നൽകണം' മന്ത്രിമാരോട് പ്രധാനമന്ത്രി
ഡൽഹി: സനാതന ധർമ വിവാദത്തിൽ മന്ത്രിമാർക്ക് നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തിൽ കൃത്യമായ മറുപടിയാണ് നൽകേണ്ടതെന്നും ഉത്തരവാദിത്തപ്പെട്ടവർ മാത്രമേ പ്രതികരിക്കാൻ പാടുള്ളൂവെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ജി20 ഉച്ചകോടിക്കു മുന്നോടിയായി വിളിച്ചു ചേർത്ത മന്ത്രിസഭാ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'ചരിത്രത്തിലേക്ക് പോകേണ്ടതില്ല, പക്ഷേ ഭരണഘടനയനുസരിച്ച് വസ്തുതകളിൽ ഉറച്ചുനിൽക്കുക. കൂടാതെ, പ്രശ്നത്തിന്റെ സമകാലിക സാഹചര്യത്തെക്കുറിച്ചും സംസാരിക്കുക,' പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയുടെ പേര് ഭാരതം എന്ന് മറ്റുന്നത് സംബന്ധിച്ചുള്ള വിവാദത്തിലും പ്രതികരണം വേണ്ടെന്ന് മന്ത്രിമാരോട് മോദി നിർദ്ദേശിച്ചു.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർട്ടിസ്‌റ്റ് അസോസിയേഷൻ സമ്മേളനത്തിൽ വെച്ച് ഉദയനിധി നടത്തിയ പരാമർശമായിരുന്നു വിവാദമായത്. ഡെങ്കിപ്പനി, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ. എന്നാൽ പരാമർശത്തിന് പിന്നാലെ ഉദയനിധിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു ബി ജെ പി-സംഘപരിവാർ നേതാക്കൾ ഉയർത്തിയത്.
വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നതെന്നായിരുന്നു ബി ജെ പി നേതാക്കളുടെ പ്രതികരണം. ഉദയനിധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർ ആർ എൻ രവിക്ക് ബി ജെ പി നേതാക്കൾ കത്തയച്ചിരുന്നു.ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി പ്രതിഫലം നൽകുമെന്നായിരുന്നു സംഘപരിവാർ അനുയായിയായ സന്യാസി പരഹംസ ആചാരയുടെ പ്രഖ്യാപനം.
എന്നാൽ പരാമർശത്തിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നായിരുന്നു ഉദയനിധി വിവാദങ്ങളോട് പ്രതികരിച്ചത്.ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധർമ്മം. അതിനെയാണ് താൻ എതിർത്ത്. ബിജെപിയുടെ ഭീഷണികൾക്ക് മുൻപിൽ മുട്ട് മടക്കില്ലെന്നും ഉദയനിധി പറഞ്ഞു. എന്ത് നിയമ നടപടി സ്വീകരിച്ചാലും അതിനെ നേരിടാൻ താൻ തയ്യാറാണെന്നും ഉദയനിധി പറഞ്ഞു.
വിവാദം മുറുകുന്നതിനിടെ ഇന്ന് വീണ്ടും പ്രതികരണവുമായി ഉദയനിധി രംഗത്തെത്തി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ഉദയനിധി തുറന്നടിച്ചത്. അതിനിടെ സനാതന ധർമ പരാമർശത്തിൽ ഉദയനിധിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് ആണ് കേസെടുത്തത്. ഇന്ന് യുപി പോലീസും ഉദയനിദിക്കെതിരെ കേസെടുത്തിട്ടുണ്ട്. പരാമർശത്തെ അനുകൂലിച്ചതിന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കെതിരേയും പോലീസ് കേസെടുത്തു.












Click it and Unblock the Notifications