അരവിന്ദ് കെജ്രിവാളിനെതിരെ സന്ദീപ് ദീക്ഷിത്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 21 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. മുതിർന്ന നേതാവ് സന്ദീപ് ദീക്ഷിതാണ് ന്യൂ ഡൽഹി മണ്ഡലത്തിൽ ആംആദ്മി കൺവീനർ അരവിന്ദ് കെജ്രിവാളിനെ നേരിടുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനാണ് സന്ദീപ്.
ഷീല ദീക്ഷിത് തുടർച്ചയായി വിജയിച്ച മണ്ഡലമാണ് ന്യൂഡൽഹി. 2013 മുതൽ കെജ്രിവാളാണ് മണ്ഡലത്തിൽ നിന്നും വിജയിക്കുന്നത്. ഇത്തവണ കെജ്രിവാളിനെതിരെ അതിശക്തമായ മത്സരം കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. ഈ സാഹചര്യത്തിലാണ് ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള മുൻ എംപി കൂടിയായ സന്ദീപ് ദീക്ഷിതിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. അതേസമയം ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവ് ബാദ്ലി സീറ്റിൽ നിന്നാണ് മത്സരിക്കുന്നത്. മുൻ മന്ത്രി ഹാറൂൺ യൂസഫ് ബല്ലിമാരനിൽ നിന്നും മുൻ യൂണിറ്റ് പ്രസിഡൻ്റ് ചൗധരി അനിൽ കുമാർ പട്പർഗഞ്ചിൽ നിന്നും മത്സരിക്കും. ദേശീയ വക്താവ് രാഗിണി നായക് വാസിപൂരിലാണ് മത്സരിക്കുന്നത്.

ദ്വാരകയിൽ നിന്നും ആദർശ് ശാസ്ത്രി മുസ്തഫാബാദിൽ നിന്നും അബ്ദുൾ റഹ്മാൻ, സീലംപൂരിൽ നിന്നും രോഹിത് ചൗധരി ,നംഗ്ലോയ് ജാട്ടിൽ നിന്നും പ്രവീൺ ജെയിൻ ഷാലിമാർ ബാഗിൽ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. അതേസമയം ഇത്തവണ തനിച്ചായിരിക്കും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. അഴിമതിക്കാരനായ കെജ്രിവാളിന്റെ പാർട്ടിയുമായി ലോക്സഭ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാതക്കിയത് തങ്ങൾക്ക് വലിയ നഷ്ടമാണ് വരുത്തിയതെന്നും അതുകൊണ്ട് തന്നെ ഇക്കുറി ഒറ്റക്കായിരിക്കും പോരാട്ടമെന്നും നേതാക്കൾ അറിയിച്ചു.
നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാവില്ലെന്ന് അരവിന്ദ് കെജ്രിവാളും വ്യക്തമാക്കി കഴിഞ്ഞു. തനിച്ച് വിജയിച്ച് വന്നവരാണ് ആം ആദ്മി . അതുകൊണ്ട് തന്നെ നിയമസഭയിലും ഒറ്റയ്ക്കായിരിക്കും മത്സരം. ഡൽഹിയിൽ നാലാം തവണയും തങ്ങൾ തന്നെ അധികാരത്തിലേറുമെന്നും കെജ്രിവാൾ പറഞ്ഞു.
ഈ ഫെബ്രുവരിയിലാണ് ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. അതിശക്തമായ മത്സരത്തിനായിരിക്കും ഇക്കുറി ഡൽഹി വേദിയാകുക. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഇതിനോടകം തന്നെ പാർട്ടികൾ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി തങ്ങളുടെ രണ്ട് ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരുന്നു.












Click it and Unblock the Notifications