സൗദി പ്രധാനമന്ത്രി ബിന്‍ സല്‍മാന്‍ ഡല്‍ഹിയില്‍; മോദിയുമായി ചര്‍ച്ച... പ്രതീക്ഷ വന്‍ കരാറില്‍
ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തി. ജി20 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അദ്ദേഹത്തിന്റെ വരവ്. ഈ മാസം 11ന് സുപ്രധാന ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും ബിന്‍ സല്‍മാന്റെ മടക്കം. ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന സുപ്രധാന കരാറില്‍ സൗദിയും ഇന്ത്യയും ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി കിരീടവകാശി ഇന്ത്യയില്‍ സ്റ്റേറ്റ് വിസിറ്റാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചര്‍ച്ചകള്‍ക്കും കരാറുകള്‍ക്കും വലിയ പ്രധാന്യമുണ്ട്. ഇന്ത്യയില്‍ വന്‍ നിക്ഷേപങ്ങള്‍ സൗദി പ്രഖ്യാപിച്ചേക്കുമെന്ന് കരുതുന്നു. ഇതിന് മുമ്പ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയ വേളയില്‍ കോടികളുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ വരും മണിക്കൂറുകളില്‍ നടക്കും.

ജി20 രാജ്യങ്ങളുടെ അധ്യക്ഷ പദവി അലങ്കരിക്കുന്നത് നിലവില്‍ ഇന്ത്യയാണ്. അതുകൊണ്ടാണ് ഇന്ത്യയില്‍ ഉച്ചകോടി നടക്കുന്നത്. ഡല്‍ഹിയില്‍ പ്രത്യേകം തയ്യാറാക്കിയ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി. ലോകത്തെ ഏറ്റവും സുപ്രധാനമായ 20 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളാണ് പങ്കെടുക്കുന്നത്. അനുബന്ധ ചര്‍ച്ചകളില്‍ മന്ത്രിമാരും വ്യവസായികളുമടക്കമുള്ള സ്വദേശ-വിദേശ പ്രതിനിധികള്‍ ഭാഗമാകും.
റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനം ജി20 ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നു. ആഫ്രിക്കന്‍ യൂണിയന് ജി20 കൂട്ടായ്മയില്‍ അംഗത്വം നല്‍കിയ പ്രഖ്യാപനം ഇന്നുണ്ടായി. ഇന്ത്യ മുന്‍കൈയ്യെടുത്താണ് ഈ തീരുമാനം. ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട തീരുമാനമാണ് എല്ലാവരും കാത്തിരിക്കുന്ന മറ്റൊരു കാര്യം. ഈ വിഷയങ്ങളിലെല്ലാം കരാര്‍ സാധ്യമായാല്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും.
ഇന്ന് രാവിലെ 9.30 മുതല്‍ ലോക നേതാക്കള്‍ സമ്മേളന വേദിയിലേക്ക് എത്തി തുടങ്ങി. നരേന്ദ്ര മോദിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ മുന്നില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നുള്ള ബോര്‍ഡ് വച്ചത് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. മാത്രമല്ല, ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള എല്ലാത്തിലും രാഷ്ട്രത്തിന്റെ പേര് ഭാരതം എന്നാണ് എഴുതിയിട്ടുള്ളത്. അന്താരാഷ്ട്ര വേദിയില്‍ ആദ്യമായിട്ടാണ് ഈ മാറ്റം.
വസുദൈവ കുടുംബകം എന്നതാണ് സമ്മേളനത്തില്‍ ഇന്ത്യ വച്ചിരിക്കുന്ന പ്രമേയം. സൗദി രാജകുമാരനൊപ്പം സൗദിയില്‍ നിന്ന് വന്‍ പ്രതിനിധി സംഘവും എത്തിയിട്ടുണ്ട്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇതില്‍പ്പെടും. തിങ്കളാഴ്ച ബിന്‍ സല്‍മാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളും സംയുക്തമായി രൂപീകരിച്ച പങ്കാളിത്ത കൗണ്‍സിലില്‍ മോദിയും ബിന്‍ സല്‍മാനും അധ്യക്ഷത വഹിക്കും.
പങ്കാളിത്ത കൗണ്‍സിലില്‍ രണ്ട് മന്ത്രിതല സമിതികളാണുള്ളത്. ഈ സമിതിയുടെ പ്രവര്‍ത്തനം ഇരുരാഷ്ട്ര നേതാക്കളും വിലയിരുത്തും. ശേഷം ഉഭയകക്ഷി ചര്‍ച്ച നടക്കും. രാഷ്ട്രീയ, സുരക്ഷാ, പ്രതിരോധ, സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ചയാകും. 2019ലാണ് ഇതിന് മുമ്പ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ വന്നത്. എന്നാല്‍ സൗദിയുടെ പ്രധാനമന്ത്രിയായ ശേഷം വരുന്നത് ആദ്യമാണ്.
സൗദിയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി. ഊര്‍ജ മേഖലയില്‍ ഇരുരാജ്യങ്ങളും പുതിയ കരാറുണ്ടാക്കുമെന്നാണ് സൂചന. അതിനെല്ലാം പുറമെ വളരെ പ്രധാനമായ കരാര്‍ ഇന്ത്യയില്‍ നിന്നും ജിസിസിയിലേക്കുള്ള പുതിയ പാതയുമായി ബന്ധപ്പെട്ടതാണ്. ജിസിസി രാജ്യങ്ങളെ മൊത്തമായി ബന്ധിപ്പിക്കുന്ന റെയില്‍വെ ശൃംഖല നിര്‍മിക്കാന്‍ ഇന്ത്യയും അമേരിക്കയും സഹായിക്കുന്നതാണ് കരാര്‍. ഇന്ത്യയില്‍ നിന്ന് ജിസിസിയിലേക്കുള്ള കപ്പല്‍ പാതയും കരാറിന്റെ ഭാഗമാകും.












Click it and Unblock the Notifications