ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണമില്ല; ഹര്‍ജികള്‍ കോടതി തള്ളി, എല്ലാം സാധാരണം
ദില്ലി: കോളിളക്കം സൃഷ്ടിച്ച ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം പ്രത്യേക സംഘം അന്വേഷിക്കില്ല. മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ ഗുജറാത്തിലെ സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വാദംകേള്‍ക്കുന്ന ജഡ്ജിയായിരുന്നു ജസ്റ്റിസ് ലോയ.

ജുഡീഷ്യറിയെ കുറിച്ച് അപവാദം പ്രചരിപ്പിക്കാനുള്ള നീക്കമാണ് ഈ പൊതുതാല്‍പ്പര്യ ഹര്‍ജികളെന്ന് സുപ്രീംകോടതി വിലയിരുത്തി. ലോയയുടെത് സാധാരണ മരണമാണ്. അതില്‍ സംശയം കാണേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് എഎം ഖന്‍വില്‍ക്കാര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. മാര്‍ച്ച് 16ന് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുകയും വിധി പറയാന്‍ മാറ്റിവയ്ക്കുകയും ചെയ്തതായിരുന്നു.
സഹ പ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ പോയ ലോയ 2014 ഡിസംബര്‍ ഒന്നിനാണ് മരിച്ചത്. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കിയതോടെയാണ് ദുരൂഹത വര്‍ധിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞിരുന്നു. അമിത് ഷാക്കെതിരെ ചില നീക്കങ്ങള്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ലോയയുടെ മരണം. ഒരാളെ മാത്രം ലക്ഷ്യമിട്ടാണ് എല്ലാ പൊതുതാല്‍പ്പര്യ ഹര്‍ജികളും സമര്‍പ്പിച്ചിട്ടുള്ളതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.
കഴിഞ്ഞ നവംബറിലാണ് ലോയയുടെ മരണം ദേശീയ തലത്തില്‍ ചര്‍ച്ചയായത്. സുഹ്‌റബുദ്ദീന്‍ കേസുമായി ലോയയുടെ മരണത്തിന് ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ സഹോദരി സംശയം പ്രകടിപ്പിച്ചതോടെയായിരുന്നു ഇത്. ലോയയ്ക്ക് കടുത്ത സമ്മര്‍ദ്ദം കേസുമായി ബന്ധപ്പെട്ടുണ്ടായിരുന്നുവെന്നാണ് സഹോദരി പറഞ്ഞത്. എന്നാല്‍ ഇക്കാര്യം തള്ളി ലോയയുടെ മകന്‍ ജനുവരിയില്‍ രംഗത്തെത്തി.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കതാരിയ, രാജസ്ഥാനിലെ വ്യവസായി വിമല്‍ പട്ടാണി, മുന്‍ ഗുജറാത്ത് പോലീസ് മേധാവി പിസി പാണ്ഡെ, എഡിജിപി ഗീതാ ജോഹ്രി, ഗുജറാത്ത് പോലീസ് ഓഫീസര്‍മാരായ അഭയ് ചൗദാസമ, എന്‍കെ അമിന്‍ എന്നിവരാണ് സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായിരുന്നത്. സുഹ്‌റബുദ്ദീന്‍, ഭാര്യ കൗസര്‍ബി എന്നിവരെയാണ് കൊലപ്പെടുത്തിയത്. പിന്നീട് കേസുമായി ബന്ധമുള്ള തുളസീറാം പ്രജാപതിയും കൊല്ലപ്പെട്ടു. കേസ് അന്വേഷണം പിന്നീട് സിബിഐ ഏറ്റെടുക്കുകയും വിചാരണ മുംബൈയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ലോയയുടെ കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് ചീഫ് ജസ്റ്റിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയത് അടുത്തിടെ വന്‍ വിവാദമായിരുന്നു. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, എംബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ചീഫ് ജസ്റ്റിന്റെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.












Click it and Unblock the Notifications