ജയലളിതയുടെ മരണം; സിബിഐയുമില്ല അന്വേഷണവുമില്ല, ദുരൂഹത ഇനിയും ബാക്കി
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും ശശികല പുഷ്പ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹരജിയുടെ മെറിറ്റ് പരിശോധിച്ച ശേഷമാണ് കോടതി നടപടി.
ദില്ലി: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പുറത്താക്കപ്പെട്ട അണ്ണാ ഡിഎംകെ എംപി ശശികല പുഷ്പ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ജയലളിതയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. ഹരജിയുടെ മെറിറ്റ് പരിശോധിച്ച ശേഷമാണ് കോടതി നടപടി.
ജയലളിതയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നു. പെട്ടെന്നാണ് മരണ വാര്‍ത്ത പുറത്തുവന്നത്. എങ്ങനെയാണ് ഇത് സംഭവിക്കുകയെന്നാണ് ശശികല പുഷ്പക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചത്. ജസ്റ്റിസുമാരായ പിനാകി ചന്ദ്ര ഘോഷ്, റോഹിങ്ടന്‍ ഫാലി നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐയോ സുപ്രിംകോടതിയിലെ ജഡ്ജിയോ അന്വേഷിക്കണമെന്നനുമായിരുന്നു അവരുടെ ആവശ്യം. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചോ അവര്‍ക്ക് നല്‍കിയ മരുന്നുകള്‍ സംബന്ധിച്ചോ ഒന്നും പരസ്യപ്പെടുത്തിയിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ടെന്ന് ശശികല പുഷ്പ പറയുന്നു.

ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ല. സംസ്‌കാര ചടങ്ങിന്റെ ഫോട്ടോകളില്‍ മൃതദേഹം എംബാം ചെയ്തതിന്റെ അടയാളങ്ങളുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ മരിച്ചതു വരെയുള്ള കാര്യങ്ങൡ ദുരൂഹതയുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു.

ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച റിപോര്‍ട്ടും പരിശോധന വിവരങ്ങളും മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോടും തമിഴ്‌നാട് സര്‍ക്കാരിനോടും അപ്പോളോ ആശുപത്രി അധികൃതരോടും ആവശ്യപ്പെടണമെന്നായിരുന്നു രാജ്യസഭാ എംപിയായ ശശികലയുടെ മറ്റൊരു ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് ചെന്നൈയിലെ സര്‍ക്കാരിതര സംഘടനയായ തെലുങ്ക് യുവ സാക്ഷിയും സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു.

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായി ജയലളിതയുടെ തോഴി ശശികല നടരാജനെ നിയമിച്ചതിനെതിരേ ശശികല പുഷ്പ സമര്‍പ്പിച്ച ഹരജി തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ശശികലയുടെ ഹരജി തള്ളണമെന്ന് അണ്ണാ ഡിഎംകെ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു കോടതിയുടെ നടപടി.












Click it and Unblock the Notifications