കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യക്കൊപ്പം കോൺഗ്രസ് വിട്ട വിമത എംഎൽഎമാർ വെട്ടിൽ! കടിച്ചതും പിടിച്ചതുമില്ല!

Google Oneindia Malayalam News

ഭോപ്പാല്‍: വലിയ ആഘോഷത്തോടെ ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും 22 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും തുടക്കത്തില്‍ തന്നെ മധ്യപ്രദേശില്‍ കല്ല് കടിച്ചിരിക്കുകയാണ്. ഒരു മാസം ഏകാംഗ ക്യാബിനറ്റായാണ് ശിവാരാജ് സിംഗ് ചൗഹാന്‍ സംസ്ഥാനം ഭരിച്ചത്. കോൺഗ്രസ് ഉയർത്തിയ പ്രതിഷേധങ്ങൾക്കൊടുവിൽ 5 പേർ മന്ത്രിമാരായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു.

എന്നാൽ സ്ഥാനം മോഹിച്ചെത്തിയ 22 വിമത കോണ്‍ഗ്രസുകാരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് മന്ത്രിസ്ഥാനം ലഭിച്ചിരിക്കുന്നത്. കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന നാല് പേരടക്കമുളള പ്രമുഖര്‍ ഒന്നും കിട്ടാതെ പുറത്ത് നില്‍ക്കുന്നു. മന്ത്രിസ്ഥാനം പ്രതീക്ഷിച്ച ബിജെപി എംഎല്‍എമാരും നിരാശര്‍ തന്നെ. ഇതോടെ ബിജെപിക്കുളളില്‍ സിന്ധ്യയും ചൗഹാനും തമ്മിലുളള പോരിലേക്ക് കാര്യങ്ങള്‍ കടക്കുകയാണ്. മാത്രമല്ല സിന്ധ്യയെ വിശ്വസിച്ച് വന്ന കോൺഗ്രസ് വിമതരും വെട്ടിലായിരിക്കുകയാണ്.

ബിജെപിക്കുളളിൽ അമർഷം

ബിജെപിക്കുളളിൽ അമർഷം

5 പേര്‍ മാത്രമുളള മിനി മന്ത്രിസഭയെ തീരുമാനിച്ചത് മുതല്‍ ബിജെപിക്കുളളില്‍ മുറുമുറുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഓപ്പറേഷന്‍ ലോട്ടസിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ ബിജെപി എംഎല്‍എ സഞ്ജയ് പതക് അടക്കമുളളവര്‍ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഈ എംഎല്‍എമാര്‍ ആരും പങ്കെടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

തുടക്കത്തിലേ വിളളൽ

തുടക്കത്തിലേ വിളളൽ

കോണ്‍ഗ്രസില്‍ നിന്നെത്തിയ സിന്ധ്യ തന്റെ സ്ഥാനം കയ്യടക്കാതിരിക്കുന്നതിനുളള കരുതല്‍ ചൗഹാനുണ്ട്. അതിനിടെ മന്ത്രിക്കസേരകളുടെ വീതംവെപ്പിന്റെ തുടക്കത്തില്‍ തന്നെ ചൗഹാനും സിന്ധ്യയുടെ തമ്മിലുളള ബന്ധത്തില്‍ വിളളല്‍ വീണിരിക്കുകയാണ്. ബിജെപിക്കാരായ നരോത്തം മിശ്ര, കമല്‍ പട്ടേല്‍, മീന സിംഗ് എന്നിവരും കോണ്‍ഗ്രസ് വിമതരായ തുള്‍സിറാം സിലാവത്ത്, ഗോവിന്ദ് സിംഗ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

പ്രധാനവകുപ്പുകൾ ബിജെപിക്ക്

പ്രധാനവകുപ്പുകൾ ബിജെപിക്ക്

ബിജെപി മന്ത്രിമാര്‍ക്കാണ് പ്രധാനപ്പെട്ട വകുപ്പുകള്‍ ചൗഹാന്‍ നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പും ആഭ്യന്തര വകുപ്പും നരോത്തം മിശ്രയ്ക്കാണ്. കൃഷി വകുപ്പ് കമാല്‍ പട്ടേലിനും ദളിത് നേതാവായ മീന സിംഗിന് ആദിവാസി വികസന വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് വിമതരായ തുള്‍സീറാമിന് ജലവകുപ്പും ഗോവിന്ദ് രാജ്പുതിന് സഹകരണ വകുപ്പുമാണ് ലഭിച്ചത്.

സ്ഥിരതയുളള സർക്കാർ

സ്ഥിരതയുളള സർക്കാർ

കോണ്‍ഗ്രസ് സര്‍ക്കാരില്‍ ആരോഗ്യ വകുപ്പും റവന്യൂ-ഗതാഗത വകുപ്പുകളും കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായിരുന്നു ഇവര്‍. ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇല്ലാത്ത സ്ഥിരതയാര്‍ന്ന സര്‍ക്കാരിനെയാണ് ബിജെപി മധ്യപ്രദേശില്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ശിവരാജ് സിംഗ് ചൗഹാന്റെ മുഖ്യമന്ത്രിയായുളള നാലാമൂഴത്തിന്റെ തുടക്കം തന്നെ പാര്‍ട്ടിക്കുളളിലെ ഏറ്റുമുട്ടലുകളിലൂടെയാണ്.

അമിത് ഷായുടെ ഉറപ്പ്

അമിത് ഷായുടെ ഉറപ്പ്

വീണ്ടും മുഖ്യമന്ത്രിയായതിന് ചൗഹാന്‍ കടപ്പെട്ടിരിക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയോടാണ്. അതിനുളള പ്രതിഫലം സിന്ധ്യ ചൗഹാനില്‍ നിന്നും ഈടാക്കും എന്നതും ഉറപ്പാണ്. പാര്‍ട്ടിയില്‍ ചേര്‍ന്നതിന് തൊട്ട് പിറകേ ബിജെപി സിന്ധ്യയ്ക്ക് രാജ്യസഭാ ടിക്കറ്റ് നല്‍കിയിരുന്നു. മാത്രമല്ല കമല്‍നാഥ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന 6 പേരെയും ചൗഹാന്‍ മന്ത്രിസഭയിലും ഉള്‍പ്പെടുത്തും എന്നും ജെപി നദ്ദ വഴി അമിത് ഷാ സിന്ധ്യയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

മുന്നിലുണ്ടായത് 2 സാധ്യതകൾ

മുന്നിലുണ്ടായത് 2 സാധ്യതകൾ

ഇതാണ് ശിവരാജ് സിംഗ് ചൗഹാന് വലിയ തലവേദനയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി മന്ത്രിസഭാ വികസനം സംബന്ധിച്ച് അമിത് ഷായുമായും നദ്ദയുമായും സിന്ധ്യയും ചൗഹാനും ചര്‍ച്ച നടത്തുന്നുണ്ട്. രണ്ട് സാധ്യതകളാണ് പ്രധാനമായും ചര്‍ച്ചയായത്. ഒന്ന് സിന്ധ്യയുടെ വിശ്വസ്തരെ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുളള 16-21 അംഗങ്ങളുളള മന്ത്രിസഭയെ സത്യപ്രതിജ്ഞ ചെയ്യിക്കുക.

എല്ലാ മുൻമന്ത്രിമാരും വേണം

എല്ലാ മുൻമന്ത്രിമാരും വേണം

രണ്ടാമത്തേത് ചൗഹാന്റെ താല്‍പര്യ പ്രകാരം അഞ്ചോ ആറോ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഒരു ചെറിയ മന്ത്രിസഭയുണ്ടാക്കുക. സിലാവത്, രാജ്പുത്, പ്രദ്യുമ്‌നന്‍ സിംഗ്, ഇമാര്‍തി ദേവി, മഹേന്ദ്ര സിസോദിയ. പ്രഭുറാം ചൗധരി എന്നിങ്ങനെ കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന എല്ലാവര്‍ക്കും മന്ത്രിസ്ഥാനം വേണം എന്നാണ് സിന്ധ്യയുടെ ആവശ്യം. അതും ആദ്യഘട്ട മന്ത്രിസഭാ രൂപീകരണത്തില്‍ തന്നെ വേണം എന്നും സിന്ധ്യ നിലപാടെടുത്തു.

കേന്ദ്രത്തിൽ നിന്ന് പച്ചക്കൊടി

കേന്ദ്രത്തിൽ നിന്ന് പച്ചക്കൊടി

എന്നാല്‍ ചൗഹാന്‍ എതിര്‍ത്തു. ബിജെപി എംഎല്‍എമാര്‍ കലാപമുണ്ടാക്കുമെന്ന് ചൗഹാന്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 20ന് തന്റെ താല്‍പര്യപ്രകാരം മന്ത്രിസഭ രൂപീകരിക്കാനുളള പച്ചക്കൊടി കേന്ദ്രത്തില്‍ നിന്ന് ചൗഹാന് ലഭിച്ചു. ഇതോടെ സിന്ധ്യ അനുകൂലികള്‍ അസ്വസ്ഥരാണ്. ഇത് സിന്ധ്യയ്ക്കും തലവേദനയാണ്. സിന്ധ്യയുടെ കോട്ടയായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നുളള ഒരു എംഎല്‍എക്കും മന്ത്രിസ്ഥാനം ലഭിച്ചില്ല എന്ന നിരാശ ഇവര്‍ പങ്കുവെയ്ക്കുന്നു.

എതിരാളികളെ വെട്ടി നിരത്തി

എതിരാളികളെ വെട്ടി നിരത്തി

പ്രാദേശികതയും ജാതിയും കണക്കിലെടുത്താണ് നിലവില്‍ ചൗഹാന്‍ മന്ത്രിസഭ ഉണ്ടാക്കിയിരിക്കുന്നത്. അഞ്ച് മന്ത്രിമാരും വ്യത്യസ്ത പ്രദേശങ്ങളേയും സമുദായങ്ങളേയും പ്രതിനിധീകരിക്കുന്നവരാണ്. പാര്‍ട്ടിയിലെ തന്റെ എതിരാളികളെ ഒഴിവാക്കാനും ചൗഹാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. 1984 മുതല്‍ എംഎല്‍എ ആയിരിക്കുന്ന ഗോപാല്‍ ഭാര്‍ഗവ അത്തരത്തില്‍ തഴയപ്പെട്ട വ്യക്തിയാണ്. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ വെട്ടിയൊതുക്കി മുന്നോട്ട് പോകല്‍ ചൗഹാനോ സിന്ധ്യ ഗ്രൂപ്പിനോ അത്ര എളുപ്പമല്ല.

സിന്ധ്യ കരുത്ത് തെളിയിക്കണം

സിന്ധ്യ കരുത്ത് തെളിയിക്കണം

അതേസമയം ആദ്യഘട്ട മന്ത്രിസഭാ രൂപീകരണത്തിലൂടെ ബിജെപി സിന്ധ്യയ്ക്ക് വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഗ്വാളിയാര്‍-ചമ്പലിലുളള സിന്ധ്യ വിശ്വസ്തനെ മന്ത്രിയാക്കത്തതിലൂടെ ബിജെപി നല്‍കുന്ന സന്ദേശം ഇത്രയും നാള്‍ തനിച്ച് ഈ മേഖല വാണിരുന്നത് ഇനി അങ്ങോട്ട് നടക്കില്ല എന്നത് തന്നെയാണ്. കോണ്‍ഗ്രസ് അനുവദിച്ച സ്വാതന്ത്ര്യം ബിജെപി സിന്ധ്യയ്ക്ക് നല്‍കില്ല. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ 16 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച് സിന്ധ്യ ഇനി കഴിവും കരുത്തും തെളിയിക്കേണ്ടതുണ്ട്.

English summary
Scindia loyalists have big dreams about MP Cabinet Expansion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X