'സ്കൂട്ടറിന് സൈഡ് നൽകിയില്ല'; ബെംഗളൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിന്റെ ചില്ല് തകർത്തു, 3 പേർക്ക് പരിക്ക്
സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബെംഗളൂരിൽ മലയാളി കുടുംബത്തിന്റെ കാറിന് നേരെ ആക്രമണം. വെള്ളിയാഴ്ച രാവിലെ സർജാപുര റോഡിൽ വെച്ചാണ് സംഭവം. തൃശൂർ പഴയന്നൂർ സ്വദേശിയും കൊടത്തി സികെ ലേഔട്ടിൽ താമസിക്കുന്ന അഖിൽ സാബുവിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹോണടിച്ചിട്ടും സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് ഡൊമ്മസന്ദ്ര സ്വദേശി ജഗദീഷ് കാർ തടഞ്ഞത്. സിസിടിവിൽ സ്കൂട്ടർ കാറിന് മുൻപിലായി നിർത്തുന്നത് കാണാം. ഈ സമയം ഇടത് ഭാഗത്ത് കൂടി കാർ എടുക്കാൻ ശ്രമിച്ചപ്പോൾ ജഗദീഷ് തന്റെ കൈയ്യിലെ ഹെൽമറ്റ് ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് തകർത്തു. പിന്നാലെ നടുറോഡിൽ ബൈക്ക് നിർത്തി ഇയാൾ കാറിന് പുറകെ പോകുകയാണ്. മുന്നിൽ ഇയാൾ നിൽക്കുമ്പോൾ അഖിൽ കാർ എടുത്തു. ഒഴിഞ്ഞ് മാറിയ ജഗദീഷ് വീണ്ടും വാഹനത്തിന് പുറകെ പോയി. പിന്നാലെ ഇരുവരും പരസ്പരം തർക്കിക്കുന്ന ദൃശ്യങ്ങളും സിസിടിവിൽ ഉണ്ട്.

അതേസമയം ആക്രമണത്തിൽ ചില്ല് തെറിച്ച് അഖിലിനും ഭാര്യയ്ക്കും 3 വയസ് ഉള്ള മകൾക്കും പരിക്കേറ്റിട്ടുണ്ട്. അഖിൽ വർത്തൂർ പോലീസിൽ പരാതി നൽകി. കൂടാതെ സോഷ്യൽ മീഡിയയിൽ മന്ത്രി പരമേശ്വര, കർണാടക പോലീസ് എന്നിവരെ ടാഗ് ചെയ്ത് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പങ്കിട്ടു. തന്നെ മർദ്ദിച്ചെന്നാരോപിച്ച് ജഗദീഷ് നൽകിയ പരാതിയിൽ അഖിലിനെതിരെയും പോലീസും കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications