ഉന്നവില്‍ സ്വര്‍ണഖനനം നടത്താന്‍ സന്യാസി
കാണ്‍പൂര്‍: ഉന്നവില്‍ സ്വര്‍ണമുണ്ടെന്ന വാദവുമായി സന്യാസി ശോഭന്‍ സര്‍ക്കാര്‍ വീണ്ടും രംഗത്ത്. ഉന്നവില്‍ വീണ്ടും ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് സന്യാസിയുടെ ആവശ്യം. ഞായറാഴ്ച വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഉന്നവില്‍ സ്വര്‍ണമുണ്ടെന്ന വാദവുമായി സന്യാസി രംഗത്തെത്തിയത്. വ്യക്തിഗത ഈടായി പത്ത് ലക്ഷം രൂപ കെട്ടിവയ്ക്കാമെന്നും ഖനനം നടത്താന്‍ തന്നെ അനുവദിയ്ക്കണമെന്നുമാണ് സന്യാസിയുടെ ആവശ്യം.
സ്വര്‍ണം കിട്ടിയില്ലെങ്കില്‍ അറസ്‌റ് വരിയ്ക്കാനും തങ്ങള്‍ തയ്യാറാണെന്ന് സന്യസിയും അനുയായി സ്വാമി ഓംജി ആവാസ്തിയും പറഞ്ഞു. ഇന്ത്യയിലെ നിധി നിയമങ്ങളില്‍ ഭേദഗതിവരുത്തണമെന്നാണ് സന്യാസിയുടെ ആവശ്യം. കണ്ടെത്തുന്ന സ്വര്‍ണം റിസര്‍വ് ബാങ്കിന് നല്‍കുന്നതിനോടാണ് സന്യസിയ്ക്ക് വിയോജിപ്പ്.

നിയമം ഭേദഗതിചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയെന്നും സന്യാസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയില്‍ വകുപ്പ് മന്ത്രിയില്‍ നിന്നും കാര്‍ഷിക വകുപ്പ് മന്ത്രി മഹാന്ത് ചരണ്‍ ദാസില്‍ നിന്നും അനുകൂല മറുപടിയാണ് ലഭിച്ചതെന്നും ആവാസ്തി പറയുന്നു. സുപ്രീം കോടതിയില്‍ പരാതി നല്‍കുമെന്നും സന്യസിമാര്‍ പറഞ്ഞു.
സന്യാസിയുടെ പ്രവചനത്തെത്തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഉന്നവില്‍ ഖനനം നടത്തിയിരുന്നു. എന്നാല്‍ സ്വര്‍ണം ലഭിയ്ക്കാത്തതിനെത്തുടര്‍ന്ന് ഖനനം നിര്‍ത്തിവച്ചു. രാജാ റാവും രാം ബക്ഷ് സിംഗിന്റെ കോട്ടയില്‍ അദ്ദേഹം തന്റെ സമ്പാദ്യം മുഴുവന്‍ കുഴിച്ചിട്ടിരിയ്ക്കുന്നുവെന്നാണ് സന്യാസി പറഞ്ഞത്.












Click it and Unblock the Notifications