മരണത്തിന് മണിക്കൂറുകൾക്ക് മുൻപും കർമ്മനിരതൻ; കശ്‌മീരിൽ പാക് ആക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ രജൗരിയിലെ അഡീഷണൽ ജില്ലാ വികസന കമ്മീഷണർ (എഡിഡിസി) രാജ് കുമാർ ഥാപ്പ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയോടെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് താപ്പയ്ക്ക് ജീവൻ നഷ്‌ടമായത്. മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ എന്നത് പോലെ ഇന്നും കടുത്ത രീതിയിലുള്ള ആക്രമണമാണ് പാക് സൈന്യം യാതൊരു പ്രകോപനവും കൂടാതെ നടത്തി കൊണ്ടിരിക്കുന്നത്.
ജമ്മു കശ്‌മീരിലെ അതിർത്തി ജില്ലയിൽ പൂർണ തോതിലുള്ള ആക്രമണം നടക്കുന്നുണ്ടെന്നും പുലർച്ചെ മുതൽ പല ഭാഗങ്ങളിലും വലിയ സ്ഫോടന ശബ്‌ദങ്ങൾ കേട്ടതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തിന് സമർപ്പണ മനോഭാവമുള്ള ഒരു മികച്ച ഉദ്യോഗസ്ഥനെ നഷ്‍ടപ്പെട്ടുവെന്നാണ് ഈ ദുരന്ത വാർത്തയോട് പ്രതികരിച്ചുകൊണ്ട് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പറഞ്ഞത്.

മരണപ്പെടുന്നതിന് മുൻപ് സംസ്ഥാന ഉപമുഖ്യമന്ത്രിയോടൊപ്പം ഥാപ്പ രജൗരി ജില്ലയിൽ പര്യടനം നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമർ അബ്‌ദുള്ളയുടെ അധ്യക്ഷതയിൽ നടന്ന ഒരു ഓൺലൈൻ മീറ്റിംഗിലും ഥാപ്പ പങ്കെടുത്തിരുന്നു. എന്നാൽ ശനിയാഴ്‌ച രാവിലെ പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ രജൗരിയിലെ തന്റെ വസതി തകർന്നതിനെ തുടർന്നാണ് ഥാപ്പ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
രജൗരിയിൽ നിന്നുള്ള ദുഃഖകരമായ വാർത്തയാണ് വരുന്നത്. ജമ്മു കശ്‌മീർ അഡ്‌മിനിസ്ട്രേഷൻ സർവീസസിലെ ഒരു സമർപ്പിത ഉദ്യോഗസ്ഥനെ നമുക്ക് നഷ്‍ടപ്പെട്ടു. ഇന്നലെ അദ്ദേഹം ഉപ മുഖ്യമന്ത്രിയോടൊപ്പം ജില്ലയിൽ ഒന്നാകെ ചുറ്റി സഞ്ചരിച്ചിരുന്നു, ഞാൻ അധ്യക്ഷത വഹിച്ച ഓൺലൈൻ മീറ്റിംഗിലും പങ്കെടുത്തു; ഒമർ അബ്‌ദുള്ള ട്വീറ്റിൽ പറയുന്നു.
ഇന്ന് ആ ഉദ്യോഗസ്ഥന്റെ വസതിയിൽ പാക് ഷെല്ലാക്രമണം ഉണ്ടായി, അവർ രജൗരി പട്ടണം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ നമ്മുടെ അഡീഷണൽ ജില്ലാ വികസന കമ്മീഷണർ ശ്രീ രാജ് കുമാർ ഥാപ്പയെ വധിച്ചു. ഈ ഭമരണത്തിൽ എന്റെ ഞെട്ടലും ദുഃഖവും പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ; ഒമർ പോസ്‌റ്റിൽ കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചെ 5.30 ഓടെയാണ് രാജ്‌കുമാർ ഥാപ്പയുടെ വസതിയിൽ ഷെൽ പതിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഒന്നിലധികം സ്ഫോടന ശബ്‌ദങ്ങൾ കേട്ടതിനെത്തുടർന്ന് അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങി പുറത്തുവന്നിരുന്നു, ശേഷം വീട്ടിലേക്ക് തന്നെ തിരികെ കയറി. പിന്നാലെ ഥാപ്പയുടെ മുറിയിൽ ഷെൽ പതിക്കുകയായിരുന്നു.
Devastating news from Rajouri. We have lost a dedicated officer of the J&K Administration Services. Just yesterday he was accompanying the Deputy CM around the district & attended the online meeting I chaired. Today the residence of the officer was hit by Pak shelling as they…
— Omar Abdullah (@OmarAbdullah) May 10, 2025
ജമ്മു കശ്‌മീരിലെ വിവിധ നഗരങ്ങളിൽ ഇന്ന് രാവിലെയോടെ സ്ഫോടന ശബ്‌ദങ്ങൾ കേട്ടിരുന്നു. ശ്രീനഗർ, ജമ്മു, രജൗരി, ഉദംപൂർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ വലിയ സ്ഫോടന ശബ്‌ദങ്ങൾ കേട്ടു. അഖ്‌നൂർ, ഗുരെസ്, ഉറി, ഹാമിർപൂർ, പല്ലൻവാല എന്നിവിടങ്ങളിലും പാകിസ്ഥാൻ ഭാഗത്ത് നിന്ന് കനത്ത ഷെല്ലാക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏപ്രിൽ 22ന് 26 നിരപരാധികളെ കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിനെത്തുടർന്ന് ജമ്മു കശ്‌മീരിലെ സാധാരണക്കാർ തിങ്ങി പാർക്കുന്ന മേഖലകൾ അടക്കം ലക്ഷ്യമിട്ട് അതിർത്തിക്കപ്പുറത്ത് നിന്ന് കനത്ത വെടിവെയ്പ്പാണ് പാകിസ്ഥാൻ നടത്തുന്നത്, ഒപ്പം ഷെല്ലാക്രമണവും.
ജമ്മുവിൽ നിന്ന് വരുന്ന വീഡിയോകളിൽ, നഗരത്തിലെ സാധാരണ പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ വീടുകളുടെ ഭാഗങ്ങൾ തകർന്നതായും കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും കാണാം. ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് സ്ഥലങ്ങൾ ഇന്ത്യ ആക്രമിച്ച ഓപ്പറേഷൻ സിന്ദൂറിന് ശേഷം, കശ്‌മീരിലെ സാധാരണ പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications