സീറ്റ് നൽകിയില്ല; പഞ്ചാബിൽ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ട് ആം ആദ്മിയിൽ ചേർന്നു
ചണ്ഡീഗഡ്; പഞ്ചാബിൽ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ട് ആം ആദ്മിയിൽ ചേർന്നു. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജഗ്‌മോഹന്‍ സിംഗ് കാംഗ് ആണ് പാർട്ടി വിട്ടത്. അദ്ദേഹത്തിന്റെ മക്കളായ യതീന്ദ്ര സിംഗ് കാങ്ങും അമരീന്ദര്‍ സിംഗ് കാങ്ങും എഎപിയില്‍ ചേര്‍ന്നിട്ടുണ്ട്.
പഞ്ചാബ് കോൺഗ്രസിൽ നിന്ന് മനംമടുത്ത് മൂന്ന് തവണ ക്യാബിനറ്റ് മന്ത്രിയും എം എൽ എയുമായ ജഗ്മോഹൻ സിംഗ് കാങ് സാബ്, അദ്ദേഹത്തിന്റെ മക്കളും യൂത്ത് കോൺഗ്രസ് നേതാക്കളുമായ യാദവീന്ദ്ര, അമരീന്ദർ എന്നിവർ ആം ആദ്മിയിൽ ചേർന്നു, എ എ പി പഞ്ചാബ് ഓരോ ദിവസം കഴിയുന്തോറും ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്, നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിച്ച് കൊണ്ട് ആം ആദ്മി നേതാവ് രാഘവ് ചദ്ദ ട്വീറ്റ് ചെയ്തു.

സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ജഗ്മോഹൻ സിംഗ് പാർട്ടി വിട്ടത്. നേരത്തേ മൊഹാലി ജില്ലയിലെ ഖരാർ നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചെങ്കിലും കോൺഗ്രസ് മറ്റൊരാളെ ഇവിടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. വിജയ് ശര്‍മയെ ആണ് കോണ്‍ഗ്രസ് ഖരാറില്‍ സ്ഥാനാർത്ഥിയാക്കിയത്.
അതേസമയം തൻറെ സ്ഥാനാർത്ഥിത്വത്തിന് തുരങ്കം വെച്ചത് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നിയാണെന്ന് ജഗ്മോഹൻ സിംഗ് കുറ്റപ്പെടുത്തി. കോൺഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നിഷേധിച്ചത് മുതൽ തന്റെ മകൻ യദ്വീന്ദ്ര സിംഗ് കാംഗ് ഖരാർ സീറ്റിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് കാംഗ് ഭീഷണിപ്പെടുത്തിയിരുന്നു
2002-07ലെ അമരീന്ദര്‍ സിംഗ് സര്‍ക്കാറിലെ മൃഗസംരക്ഷണം, ക്ഷീരവകുപ്പ്, മത്സ്യബന്ധനവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു ജഗ്‌മോഹന്‍ സിങ് കാങ്.
അതേസമയം മുതിർന്ന നേതാവായ അമർജിത്ത് സിംഗ് ടിക്കയും കോൺഗ്രസ് വിട്ടു. ലുധിയാന സൗത്തിൽ നിന്നും സീറ്റ് ലഭിക്കാതിരുന്നതോടെയാണ് ടിക്ക പാർട്ടി വിട്ടത്.
നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ടിക്ക തന്റെ രാജിക്കത്തിൽ ഉന്നയിച്ചത്. കോൺഗ്രസിനായി ജീവിതം ഉഴിഞ്ഞ് വെച്ച തന്നെ പോലെയുള്ള പ്രവർത്തകർ അവഗണിക്കപ്പെടുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നത് വളരെ നിരാശാജനകമാണെന്നും പാർട്ടിയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുകയാണെന്നും സിംഗ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച രാജിക്കത്തിൽ പറഞ്ഞു. ലുധിയാന സൗത്തിൽ നിന്ന് ഈശ്വർജോത് സിംഗ് ചീമയെയാണ് കോണ‍്ഗ്രസ് മത്സരിപ്പിക്കുന്നത്. ഫെബ്രുവരി 20 നാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications