രാഹുല്‍ ഗാന്ധിയാണ് എന്റെ നേതാവ്; ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസില്‍... പഴയ തന്ത്രജ്ഞന്‍
ഹൈദരാബാദ്: മുതിര്‍ന്ന നേതാവ് ഡി ശ്രീനിവാസ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ആന്ധ്ര പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ വിജയമുണ്ടായിരുന്ന വേളയില്‍ പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞിരുന്ന നേതാവാണ് ശ്രീനിവാസ്. ആന്ധ്ര വിഭജിക്കുകയും തെലങ്കാന എന്ന പുതിയ സംസ്ഥാനം രൂപീകരിക്കപ്പെടുകയും ചെയ്തപ്പോള്‍ അദ്ദേഹം ടിആര്‍എസില്‍ ചേരുകയായിരുന്നു. 2015ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. അദ്ദേഹത്തിന്റെ മകന്‍ ഡി അരവിന്ദ് നിസാമാബാദില്‍ നിന്നുള്ള ബിജെപി എംപിയാണ്.
ടിആര്‍എസിന്റെ രാജ്യസഭാംഗമായിരുന്നു ഡി ശ്രീനിവാസ്. 2004ലും 2009ലും ആന്ധ്ര പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ ചരടുവലിച്ചത് ഇദ്ദേഹമായിരുന്നു. വൈഎസ് രാജശേഖര റെഡ്ഡിയുടെ സര്‍ക്കാരില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് ഡി ശ്രീനിവാസ് പറഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിയാണ് എന്റെ നേതാവ്. അദ്ദേഹത്തിന് പാര്‍ലമെന്റ് അംഗമായിരിക്കാന്‍ യോഗ്യതയില്ല എന്ന് എങ്ങനെ പറയാന്‍ സാധിക്കും. രാഹുല്‍ ഗാന്ധിയുടെ കുടുംബം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. അദ്ദേഹത്തിന്റെ യോഗ്യത ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാകില്ല. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുമെന്നും ഡി ശ്രീനിവാസ് എഎന്‍ഐയോട് പറഞ്ഞു.
അവിഭക്ത ആന്ധ്രയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു ഡി ശ്രീനിവാസ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് പാര്‍ട്ടിക്ക് കരുത്ത് പകരുമെന്ന് പിസിസി അധ്യക്ഷന്‍ വി ഹനുമാനന്ദ റാവു പറഞ്ഞു. തെലങ്കാന പിസിസി അധ്യക്ഷന്‍ എ രേവന്ദ് റെഡ്ഡി, കോണ്‍ഗ്രസ് എംപിമാര്‍ തുടങ്ങിയവര്‍ ഡി ശ്രീനിവാസിനെ കോണ്‍ഗ്രസ് ആസ്ഥാനത്ത് സ്വീകരിച്ചു. ശ്രീനിവാസിന്റെ മൂത്ത മകന്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ നിസാമാബാദ് മേയറായിരുന്നു. അദ്ദേഹവും തിരിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ശ്രീനിവാസിന്റെ ഇളയ മകന്‍ ഡി അരവിന്ദ് ബിജെപി നേതാവാണ്. നിസാമാബാദ് എംപിയാണ്. ശ്രീനിവാസ് തിരിച്ച് കോണ്‍ഗ്രസില്‍ ചേരുന്നതിനെ ചൊല്ലി അവരുടെ കുടുംബത്തില്‍ തര്‍ക്കങ്ങളുണ്ട് എന്നാണ് റിപ്പോര്‍ട്ട്. തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി ശക്തമായി വാദിച്ചിരുന്ന നേതാവ് കൂടിയായിരുന്നു ശ്രീനിവാസ്. യുപിഎ സര്‍ക്കാര്‍ രാജ്യം ഭരിച്ചിരുന്ന വേളയിലാണ് തെലങ്കാന രൂപീകരിക്കുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ അദ്ദേഹം രാജിവച്ച് ടിആര്‍എസില്‍ ചേരുകയായിരുന്നു. പിന്നീട് ടിആര്‍എസ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയുമുണ്ടായി.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും ഡി ശ്രീനിവാസും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. എല്ലാം തകിടം മറിഞ്ഞത് 2019ലാണ്. അന്നത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റാവുവിന്റെ മകള്‍ കവിതക്കെതിരെ ശ്രീനിവാസിന്റെ മകന്‍ അരവിന്ദ് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചു. നിസാമാബാദില്‍ അരവിന്ദ് ജയിക്കുകയും ചെയ്തു. മകന്റെ വിജയത്തിന് വേണ്ടി ശ്രീനിവാസ് ചരടുവലിച്ചു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications