
മോദിയുടെ മന്ത്രിസഭയില്‍ അംഗം; ഇന്ന് കോണ്‍ഗ്രസില്‍... ഗുജറാത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി
ഗാന്ധി നഗര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗുജറാത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജയ് നാരായണ്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ മകന്‍ സമീര്‍ വ്യാസും ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ് അംഗത്വമെടുത്തു.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രമേശ് ചെന്നിത്തല, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് വ്യാസ് കോണ്‍ഗ്രസ് കൊടി പിടിച്ചത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായ വേളയില്‍ ഗുജറാത്തില്‍ മന്ത്രിയായിരുന്നു വ്യാസ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഈ മാസം അഞ്ചിനാണ് ജയ് നാരായണ്‍ വ്യാസ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. 2007 മുതല്‍ 2012 വരെ ഗുജറാത്തില്‍ മന്ത്രിയായിരുന്നു ഇദ്ദേഹം. ബിജെപി നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് വ്യാസ് രാജിവച്ചത്. മുതിര്‍ന്ന അംഗം എന്ന നിലയിലുള്ള യാതൊരു പരിഗണനയും തനിക്ക് ലഭിക്കുന്നില്ലെന്നു അദ്ദേഹം ആരോപിച്ചിരുന്നു.

ജയ് നാരായണ്‍ വ്യാസിന് സുപ്രധാന ചുമതലയാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. പത്താന്‍ ജില്ലയിലെ സിദ്ധാപൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിക്കുക എന്നതാണ് ദൗത്യം. ഇതിന് വേണ്ടി നിയോഗിച്ച സംഘത്തില്‍ വ്യാസിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എ ചന്ദന്‍ജി താക്കൂര്‍ ആണ് ഇവിടെ ജനവിധി തേടുന്നത്.

ഗുജറാത്തിലെ ജലസേചന പദ്ധതികളുടെ നേട്ടം ബിജെപി അനാവശ്യമായി അവകാശപ്പെടുകയാണ്. എല്ലാത്തിനും മുന്‍കൈയ്യെടുത്തത് മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകളായിരുന്നു. അമര്‍സിങ് ചൗധരിയുടെ കാലത്താണ് പ്രധാന അണക്കെട്ടിന് തുടക്കം കുറിച്ചത്. സനത് മേത്ത, ചിമന്‍ ഭായ് പട്ടേല്‍ എന്നിവരുടെ കാലത്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗുജറാത്തിലെ ആദ്യത്തെ ആധുനിക റോഡ് നിര്‍മിച്ചതും കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നുവെന്നും ജയ് നാരായണ്‍ വ്യാസ് പറഞ്ഞു.

കഴിഞ്ഞ 32 വര്‍ഷം ബിജെപിയിലായിരുന്നു ജയ് നാരായണ്‍ വ്യാസ്. ബിജെപിയില്‍ ഒരു നേതാവിനെയും വളരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആല്‍മരം പോലെയാണ് ബിജെപി. സമീപത്ത് ഒരു മരത്തെയും വളരാന്‍ അനുവദിക്കില്ല. ചെറിയ ആല്‍ മരങ്ങള്‍ വലിയതിനോട് ചേര്‍ന്ന് പോകുകയാണ് ചെയ്യുക എന്നും വ്യാസ് പരിഹസിച്ചു.

ഡിസംബര്‍ ഒന്നിനാണ് ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ടം ഡിസംബര്‍ അഞ്ചിനും. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ്. ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും എട്ടിന് അറിയാം. രണ്ടിടത്തും തുടര്‍ ഭരണം കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. രണ്ടിടത്തും എഎപിയും മല്‍സരിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മുന്‍നിര നേതാക്കള്‍ സംസ്ഥാനത്ത് തമ്പടിക്കുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാനത്തുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഗുജറാത്തിലുണ്ട്. അമിത് ഷാ, നരേന്ദ്ര മോദി എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണത്തില്‍ നിറഞ്ഞിരുന്നു.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പണം അയക്കുന്നോ? പരിധി വിട്ട് കളി വേണ്ട... പിടിവീഴും

ആകെ 1,621 സ്ഥാനാര്‍ഥികളാണ് 182 അംഗ നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഇതില്‍ 139 പേരാണ് വനിതകള്‍. ബിജെപി 18 സ്ത്രീകള്‍ക്കാണ് സീറ്റ് നല്‍കിയത്. 2017ല്‍ ഇത് 12 ആയിരുന്നു. കോണ്‍ഗ്രസ് ഇത്തവണ 14 സ്ത്രീകളെ മല്‍സരിപ്പിക്കുന്നുണ്ട്. കഴിഞ്ഞതവണ ഇത് 10 ആയിരുന്നു. 139 വനിതകള 56 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. എഎപി നിര്‍ത്തിയ 182 സ്ഥാനാര്‍ഥികളില്‍ 13 വനിതകള്‍ മാത്രമാണുള്ളത്.
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇ ഗോള്‍ഡന്‍ വിസ ഇനി സുലഭം, ശമ്പള പരിധി കുറച്ചു