ഡൽഹിയിൽ കോൺഗ്രസിന് തിരിച്ചടി, ശിവസേന ഒപ്പമില്ല; ആം ആദ്മിക്ക് പിന്തുണ
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ കോൺഗ്രസ് സഖ്യകക്ഷിയായ ശിവസേന. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സമാജ്വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് ശിവസേന വിഭാഗത്തിന്റേയും നീക്കം. മഹരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി തങ്ങളെ പിന്തുണച്ചിരുന്നുവെന്നും അതുകൊണ്ട് തന്നെ ഡൽഹി തിരഞ്ഞെടുപ്പിൽ അവർക്കൊപ്പം കൈകോർക്കാനാണ് തീരുമാനമെന്നും ശിവസേന എംപി അനിൽ ദേശായി പ്രതികരിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിൽ പോരാടാനാണ് ഇന്ത്യ സഖ്യം രൂപീകരിച്ചതെങ്കിലും എല്ലാ തിരഞ്ഞെടുപ്പിലും സഖ്യം തുടരണമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. 'ആം ആദ്മിയും കോൺഗ്രസും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. കോൺഗ്രസ് ഈ രാജ്യത്തെ വലിയ പാർട്ടിയാണെന്ന് ഞങ്ങൾ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഡൽഹിയിൽ ആം ആദ്മിയാണ് വലിയ പാർട്ടി. വലിയ ഭൂരിപക്ഷത്തിൽ തന്നെ ആം ആദ്മി പാർട്ടി ഇവിടെ വിജയിക്കും. അരവിന്ദ് കെജ്രിവാളിനെ പോലൊരു നേതാവിനെ വഞ്ചകൻ എന്ന് കോൺഗ്രസ് വിളിക്കുന്നതിൽ ഞങ്ങൾക്ക് ഏറെ ദുഃഖമുണ്ട്. അത്തരത്തിലൊരു പ്രചരണം നടത്തുന്നത് ശരിയല്ല, ഞങ്ങൾക്ക് അതിനോട് യോജിപ്പില്ല', അദ്ദേഹം പറഞ്ഞു.

'ആം ആദ്നിയും ശിവസേനയും മഹാരാഷ്ട്രയിൽ കോൺ്രസിനൊപ്പമായിരുന്നു. ആം ആദ്മി ഞങ്ങളുടെ സഖ്യകക്ഷിയാണ്. പ്രചരണത്തിൽ ഇരുകക്ഷികളും സന്തുലനം പാലിക്കണം. ഞങ്ങളെ പോലെ പല പാർട്ടികളും ഡൽഹിയിലെ സാഹചര്യത്തിൽ പ്രതിസന്ധിയിലാണ്. ഞങ്ങൾക്ക് രണ്ട് പാർട്ടികളുമായും ഒരുപോലെ ബന്ധമുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിനെ തഴഞ്ഞ് കൊണ്ടുള്ള ശിവസേനയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ചിട്ടും ശിവസേനയ്ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇരുപാർട്ടികളും ബി എം സി തിരഞ്ഞെടുപ്പിൽ തനിച്ച് പോരാടുമെന്ന് പ്രഖ്യാപി്ച്ചിരുന്നു. ഡൽഹിയിൽ ആം ആദ്മിയും കോൺഗ്രസും ചെയ്യുന്ന മാതൃകയിൽ മുംബൈയിൽ തനിച്ച് പോരാടാനാണ് തങ്ങളുടെ തീരുമാനമെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്.
അതേസമയം ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിനാണ് വേദിയൊരുങ്ങിയിരിക്കുന്നത്. എന്ത് വിലകൊടുത്തും രാജ്യതലസ്ഥാനം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കിണഞ്ഞ് ശ്രമിക്കുമ്പോൾ ഇക്കുറിയും ഭരണം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി.












Click it and Unblock the Notifications