'കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ എത്തില്ല'; അധ്യക്ഷനായാൽ ആദ്യ ലക്ഷ്യം, വിശദീകരിച്ച് ശശി തരൂർ
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കേ കൂടുതൽ ആത്മവിശ്വാസം പ്രകടമാക്കി ശശി തരൂർ. തനിക്ക് പാർട്ടിയിൽ യുവാക്കളുടെ പിന്തുണ ഉണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. തന്നെ പിന്തുണച്ചവർ ഒരിക്കലും ഗാന്ധി കുടുംബത്തിന് എതിരോ പാർട്ടിയിലെ വിമതരോ അല്ല. അവർ ഗാന്ധി കുടുംബത്തിന് എതിരാണെന്ന തരത്തിലുള്ള പ്രചരണം തെറ്റായ കാര്യമാണെന്നും തരൂർ പറഞ്ഞു.

'തനിക്ക് കോൺഗ്രസിൽ മാറ്റം കൊണ്ടുവരാൻ സാധിക്കുും. ഖാർഗെ തന്റെ നേതാവ് കൂടിയാണെന്നും തരൂർ പറഞ്ഞു.' എന്നെ പിന്തുണച്ച് എത്തിയവർ ഒരിക്കലും ഗാന്ധി കുടുംബത്തിന് എതിരല്ല, കോൺഗ്രസിലെ വിമതരുമല്ല അവർ. ഇതൊരു തെറ്റായ ധാരണയാണ്. ഗാന്ധി കുടുംബം എങ്ങനെയാണോ കോൺഗ്രസിനൊപ്പം എന്നത് പോലെ തന്നെയാണ് ഞങ്ങൾ എല്ലാവരും. തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അത് കോൺഗ്രസിന്റെ കൂടി വിജയമാണെന്ന് കരുതുന്നവരാണ് ഞങ്ങൾ', തരൂർ പറഞ്ഞു.

പതിറ്റാണ്ടുകളായി പാർട്ടി അധ്യക്ഷൻമാർക്ക് കീഴിൽ എങ്ങനെയാണോ കോൺഗ്രസ് രാജ്യത്തെ സേവിച്ചത് അതുപോലെ തന്നെ പുതിയ അധ്യക്ഷന് കീഴിലും പാർട്ടി പ്രവർത്തിക്കും. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുകയെന്നതാണ് പ്രധാന ദൗത്യങ്ങളിലൊന്ന്. പ്രതിപക്ഷ സഖ്യം ഉണ്ടാക്കിയെടുക്കുകയെന്നത് തന്നെയായിരിക്കും തങ്ങളെ സംബന്ധിച്ച് ആദ്യ പരീക്ഷണം', ശശി തരൂർ വ്യക്തമാക്കി. താൻ അധ്യക്ഷനായാൽ ആദ്യ ലക്ഷ്യം ബി ജെ പിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ ഒഴുക്ക് തടയുകയെന്നതാണെന്നും തരൂർ പറഞ്ഞു. തനിക്ക് യുവാക്കളുടെ പിന്തുണ ഉണ്ട്. മുതിർന്ന നേതാക്കളുടെ പിന്തുണ ഖാർഗെയ്ക്ക് ആണെന്നും തരൂർ പറഞ്ഞു. ഖാർഗെയ്ക്ക് മുതിർന്ന നേതാക്കളുടെ പിന്തുണ ലഭിക്കുമ്പോൾ തനിക്ക് സാധാരണക്കാരുടെ പിന്തുണയാണ് ഉള്ളതെന്നും തരൂർ പറഞ്ഞു.

ഇന്നലെ അസം, മേഘാലയ എന്നിവിടങ്ങളിലായിരുന്നു തരൂർ പ്രചരണം നടത്തിയത്. അസം ഒഴികെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും തനിക്ക് ഖാർഗെയെക്കാൾ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തരൂർ. ആറ് സംസ്ഥാനങ്ങളിലായി 293 വോട്ടുകളാണ് ഉള്ളത്. കഴിഞ്ഞ ദിവസം യുപിയിൽ തരൂർ പ്രചരണം പൂർത്തിയാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള സംസ്ഥാനമാണ് യുപി.

നാളെയാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് . ആകെ 9308 വോട്ടർമാരാണ് ഉള്ളത്. വോട്ടർ പട്ടികയെ ചൊല്ലി തരൂർ പോരായ്മ ഉന്നയിച്ചിരുന്നുവെങ്കിലും ഇത് അടിസ്ഥാന രഹിതമാണെന്നാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി പ്രതികരിച്ചത്. ആദ്യം തന്ന പട്ടികയിൽ മൂവായിരത്തോളം വോട്ടർമാരുടെ മേൽവിലാസം ഇല്ലെന്നും ഇതിൽ തന്നെ 1500 ഓളം പേരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും തരൂർ ആക്ഷേപം ഉന്നയിച്ചിരുന്നു. പരാതിയെ തുടർന്ന് പുതിയ വോട്ടർപട്ടിക തരൂരിന് കൈമാറിയെങ്കിലും ഇതിലും ആശയക്കുഴപ്പം നിലനിന്നിരുന്നു. ആദ്യം ഉണ്ടായിരുന്ന 500 ഓളം പേരെ ഒഴിവാക്കിയുള്ളതായിരുന്നു പുതിയതായി കൈമാറിയ പട്ടിക. ഇതിൽ തന്നെ പുതുതായി 600 ഓളം പേരെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

അതേസമയം തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുൻപും വലിയ ആത്മവിശ്വസാത്തിലാണ് തരൂർ. പലരും രഹസ്യ പിന്തുണ തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും വോട്ടെണ്ണുമ്പോൾ അത്ഭുതം നടക്കുമെന്നുമായിരുന്നു തരൂർ പ്രതികരിച്ചത്. എന്നാൽ തരൂരിന് 300 ൽ കൂടുതൽ വോട്ട് പോലും ലഭിച്ചേക്കില്ലെന്നാണ് ഖാർഗെ പക്ഷം കരുതുന്നത്.












Click it and Unblock the Notifications