മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലേക്ക്? ശിവസേനയില്‍ ഭിന്നത, 12 എംഎല്‍എമാര്‍ ഹോട്ടലില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്‍കുന്ന മഹാവികാസ് അഗാഡി സഖ്യസര്‍ക്കാരില്‍ കലഹം. ശിവസേനാ നേതാവും മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ പാര്‍ട്ടിയുടെ 12 എംഎല്‍എമാരമായി ഗുജറാത്തിലേക്ക് പോയി. ഷിന്‍ഡെ ബിജെപിക്കൊപ്പം പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സര്‍ക്കാരിന്റെ ഭാവി ത്രിശങ്കുവിലായി.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നുച്ചയ്ക്ക് എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. ഇതില്‍ ഷിന്‍ഡെയും കൂട്ടരും പങ്കെടുക്കില്ല. അദ്ദേഹം ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട് നിലപാട് പ്രഖ്യാപിക്കുമെന്നാണ് വിവരം. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അപ്രതീക്ഷിത വിജയം ലഭിച്ച പിന്നാലെയാണ് സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

മഹാരാഷ്ട്രയിലെ പ്രമുഖ നേതാവാണ് ഏകനാഥ് ഷിന്‍ഡെ. ശിവസേനയില്‍ ഉദ്ധവ് താക്കറെക്ക് തൊട്ടുതാഴെയാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. ഒട്ടേറെ അണികളുടെ പിന്‍ബലമുള്ള വ്യക്തിയാണ് ഇദ്ദേഹം. മാത്രമല്ല, താനെയില്‍ ശിവസേന കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നേതാവ് കൂടിയാണ് ഷിന്‍ഡെ. അദ്ദേഹം ബിജെപിയിലേക്ക് കളംമാറുമെന്നാണ് വാര്‍ത്തകള്‍.

തിങ്കളാഴ്ച വൈകീട്ട് മുതല്‍ ഷിന്‍ഡെയെ കാണാനില്ല. നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിട്ട് കിട്ടുന്നുമില്ല. ഗുജറാത്തിലെ സൂറത്തിലുള്ള ഹോട്ടലിലാണ് ഏക്‌നാഥ് ഷിന്‍ഡെയുള്ളത് എന്നാണ് വാര്‍ത്തകള്‍. ഇദ്ദേഹത്തോടൊപ്പം ശിവസേനയുടെ 12 എംഎല്‍എമാരുമുണ്ടെന്ന് നേതാക്കള്‍ പറയുന്നു. ഷിന്‍ഡെ കളംമാറിയാല്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ നില പരുങ്ങലിലാകും.

കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. നാല് സീറ്റില്‍ ബിജെപി ജയിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അഞ്ച് ബിജെപി അംഗങ്ങള്‍ ജയിച്ചു. ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും അംഗങ്ങള്‍ വോട്ട് മറിച്ചുവെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ന് ശിവസേന എംഎല്‍എമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുള്ളത്.

ഭരണകക്ഷിയിലെ ചില എംഎല്‍എമാര്‍ വോട്ട് മറിച്ചുവെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. ശിവസേന കടുത്ത പ്രതിസന്ധി നേരിടുന്നുവെന്നാണ് വാര്‍ത്ത. ഉച്ചയ്ക്ക് ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ എല്ലാ എംഎല്‍എമാരും പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈയിലെ മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം.
ബൊമ്മി വീരനൊപ്പം; അപര്‍ണ ബോളിവുഡിലേക്കോ? ചിത്രം വൈറല്‍

തിങ്കളാഴ്ച വൈകീട്ട് മുതല്‍ ഷിന്‍ഡെയുമായി ബന്ധപ്പെടാന്‍ ശിവസേന നേതൃത്വം ശ്രമിച്ചുവരികയാണ്. ഇതുവരെ കിട്ടിയിട്ടില്ല. പിന്നീടാണ് അദ്ദേഹം സൂറത്തിലെ ഹോട്ടലിലുണ്ട് എന്ന വാര്‍ത്ത വന്നത്. ബിജെപി നേതൃത്വവുമായി ഷിന്‍ഡെ ചര്‍ച്ച നടത്തുന്നുവെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ വരുന്നുണ്ട്. ഷിന്‍ഡെ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

ശിവേസനയില്‍ വലിയൊരു വിഭാഗം അണികളുടെ പിന്തുണയുള്ള നേതാവാണ് ഏക്‌നാഥ് ഷിന്‍ഡെ. ഇദ്ദേഹം കളംമാറിയാല്‍ ശിവസേന പിളരുന്നതിന് തുല്യമാകും. 2014ല്‍ ബിജെപിയുമായി ശിവസേന ഉടക്കിയ വേളയില്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവായി പാര്‍ട്ടി നിയമിച്ചത് ഷിന്‍ഡെയെ ആയിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ശിവസേന അധികാരത്തിലെത്തിയപ്പോള്‍ ഷിന്‍ഡെയ്ക്ക് നഗരവികസന മന്ത്രി പദവി നല്‍കുകയും ചെയ്തു.

ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ഡോ. ശ്രീകാന്ത് ഷിന്‍ഡെ കല്യാണില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്. പദവികള്‍ ഏറെ ലഭിച്ചിട്ടുണ്ടെങ്കിലും അടുത്തിടെയായി ഷിന്‍ഡെ അതൃപ്തനാണ് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഈ സാഹചര്യം ബിജെപി മുതലെടുത്തേക്കാം. ഷിന്‍ഡെ ഗുജറാത്തിലേക്ക് എംഎല്‍എമാരുമായി പോകാന്‍ കാരണം ബിജെപിയാണ് എന്നാണ് വാര്‍ത്തകള്‍.

അതേസമയം, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് ബിജെപി തുടക്കമിട്ടു എന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിയിലേക്ക് തിരിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹഹചര്യം നരേന്ദ്ര മോദി, ജെപി നദ്ദ, അമിത് ഷാ എന്നിവരെ ബോധിപ്പിക്കുന്നതിനാണ് യാത്ര. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാകും ഫഡ്‌നാവിസിന്റെ അടുത്ത നീക്കങ്ങള്‍.












Click it and Unblock the Notifications