മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യം; ശിവസേന നേതാവ് പാര്‍ട്ടി വിട്ടു
മുംബൈ: ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെയെയെ തീരുമാനിച്ചതോടെ പാര്‍ട്ടിയില്‍ നിന്നു രാജി പ്രഖ്യാപിച്ച് ശിവസേന നേതാവ്. ശിവസേന നേതാവ് രമേശ് സോളങ്കിയാണ് ട്വിറ്ററിലൂടെ രാജി പ്രഖ്യാപിച്ചത്. ജീവിതത്തിലെ ഏറ്റവും സങ്കടമുള്ള തീരുമാനമാണ് താന്‍ ഇപ്പോള്‍ എടുക്കുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. 21 വര്‍ഷമായി താന്‍ ശിവസേനയ്ക്കൊപ്പമുണ്ടായിരുന്നു. ഇതുവരെ പാര്‍ട്ടിയുടെ നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ശിവസേനയ്‌ക്കൊപ്പം ചേര്‍ന്ന് പോകാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നും സോളങ്കി പറഞ്ഞു.
ശിവസേന മുഖ്യമന്ത്രി നേതൃത്വം വഹിക്കുന്ന ഒരു സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ രൂപീകരിക്കുന്നതില്‍ എല്ലാവിധ ആശംസകളും. പക്ഷേ തന്റെ പ്രത്യയശാസ്ത്രവും ബോധവും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. മനസ്സില്ലാ മനസ്സോടെ പ്രവര്‍ത്തിക്കാന്‍ തനിക്കാകില്ലെന്നും സോളങ്കി ട്വീറ്റ് ചെയ്തു. പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകുകയാണെങ്കിലും മനസ്സ് കൊണ്ട് എല്ലായ്‌പ്പോഴും താന്‍ ശിവസൈനികരുടെ ബാലസാഹേബിനൊപ്പമാണെന്നും സോളങ്കി കൂട്ടിച്ചേര്‍ത്തു.

പ്രത്യയശാസ്ത്രപരമായി വൈരുദ്ധ്യമുള്ള ശിവസേനയും കോണ്‍ഗ്രസും ആഴ്ചകളെടുത്താണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറായത്. ഇതിന്റെ ഭാഗമായി ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒത്തുകൂടിയത് മുതല്‍ സോളങ്കി അസ്വസ്ഥനായിരുന്നു.












Click it and Unblock the Notifications