സിദ്ദിഖ് കാപ്പന്‍ കൊവിഡ് മുക്തന്‍; ജയിലിലേക്ക് മാറ്റിയെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകര്‍ സിദ്ദിഖ് കാപ്പന് കൊറോണ രോഗം ഭേദമായി എന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സിദ്ദിഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ചൊവ്വാഴ്ച സുപ്രീംകോടതി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കാപ്പന് ജയിലിലെ കുളിമുറിയില്‍ വീണ് പരിക്കേറ്റിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി ദില്ലി എയിംസിലേക്ക് മാറ്റുന്നത് തടയാനാണ് യുപി സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള നീക്കമെന്ന് വിലയിരുത്തുന്നു. ചൊവ്വാഴ്ച രാത്രിയാണ് കാപ്പനെ വീണ്ടും ജയിലിലേക്ക് മാറ്റിയതത്രെ.

സിദ്ദിഖ് കാപ്പന് വിദഗ്ധ ചികില്‍സ നല്‍കാന്‍ എയിംസിലേക്ക് മാറ്റണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. കാപ്പനെ ജയിലില്‍ ചങ്ങലക്കിട്ടു എന്ന ആരോപണം യുപി സര്‍ക്കാര്‍ നിഷേധിച്ചു. സിദ്ദിഖ് കാപ്പനെ പിന്തുണയ്ക്കുന്ന പത്രപ്രവര്‍ത്തക യൂണിയന്റെ നിലപാടിനെ സര്‍ക്കാര്‍ വിമര്‍ശിക്കുകയും ചെയ്തു. യുപി സര്‍ക്കാരിന് വേണ്ടി സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍ ആണ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
സിദ്ദിഖ് കാപ്പന്‍ യുപിയിലെ ജയിലിലും ആശുപത്രിയിലും നേരിട്ട ക്രൂരതകള്‍ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് ആണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിച്ചത്. തുടര്‍ന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അദ്ദേഹത്തി്‌ന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. വിദഗ്ധ ചികില്‍സ നല്‍കണം, ജാമ്യം അനുവദിക്കണം എന്നിവയായിരുന്നു രാഷ്ട്രീയ നേതാക്കളുടെ ആവശ്യം. ചികില്‍സ ഉറപ്പാക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യുപി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് കാപ്പനെ മോചിപ്പിക്കണമെന്ന് പ്രത്യേകം ആവശ്യപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications