മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; ആയിരത്തിലധികം വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി
മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിൽ ശക്തമായ മഞ്ഞുവീഴ്ച. കനത്ത മഞ്ഞുവീഴ്ച കാരണം നിരവധി വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു.1000 ഓളം വാഹനങ്ങൾ ഗാതഗതക്കുരുക്കിൽ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ. ഉടനടി പോലീസ് രക്ഷാപ്രവർത്തനം ആരംഭിക്കുകയും യാത്രക്കാർക്കും ഡ്രൈവർമാർക്കും സഹായങ്ങൾ ചെയ്യുകയും ചെയ്തു. തദ്ദേശസ്ഥാപനങ്ങളും രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
അതേസമയം ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാനായി ഇവിടേക്ക് വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ട്. നേരത്തെ ഷിംലയിലും മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഡിസംബർ 8 നാണ് ആദ്യത്തെ മഞ്ഞുവീഴ്ച ഉണ്ടായത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മഞ്ഞുവീഴ്ച ശക്തമായി. കോവിഡ് വ്യാപനം വരുത്തിയ നാശനഷ്ടത്തിൽ നിന്ന് കയറാൻ പാടുപെടുന്ന പ്രാദേശിക ടൂറിസ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ മഞ്ഞുവീഴ്ച സഹായകമായി.

നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ അപൂർവമായി ലഭിക്കുന്ന കാഴ്ചകാണാനായി പലരും ഇവിടെ താമസം തുടരുകയാണ്. " മഞ്ഞുവീഴ്ച വളരെ മനോഹരമായ കാഴ്ചയാണ്. കാലാവസ്ഥ അതിശയകരമാണ്. ഞങ്ങൾ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. പക്ഷേ ഇന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ മഞ്ഞുണ്ടായിരുന്നു. ഞങ്ങൾ തിരിതെ പോകാൻ നിൽക്കുകയായിരുന്നു. പക്ഷേ, ഇപ്പോൾ ഞങ്ങൾ കൂടുതൽ നേരം താമസക്കാൻ തീരുമാനിച്ചു. ഇത് ഞാൻ കണ്ട് ആദ്യത്തെ മഞ്ഞുവീഴ്ചയാണ്, " വിനോദസഞ്ചാരികളിൽ ഒരാൾ പറഞ്ഞു.












Click it and Unblock the Notifications