കളക്ടറേറ്റില്‍ യാചകവൃത്തിയിലേര്‍പ്പെട്ട സാമൂഹ്യ പ്രവര്‍ത്തകന്‍ പിടിയില്‍
കൊയമ്പത്തൂര്‍: ജില്ലാ കളക്ടറേറ്റ് ഓഫീസില്‍ യാചകവൃത്തിയിലേര്‍പ്പെട്ട സാമൂഹ്യ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിയാര്‍ മണി എന്നറിയപ്പെടുന്നയാളാണ് യാചകരുടെ പാത്രവുമായി കളക്ടറേറ്റില്‍ എത്തുന്നവരില്‍ നിന്നും ഭക്ഷ യാചിച്ചത്. സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു യാചിക്കല്‍.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്നും സ്‌കൂളുകള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്നും ആരോപിച്ചാണ് പ്രതിഷേധം. സ്‌കൂളുകള്‍ക്കുവേണ്ടി ഭിക്ഷ തന്ന് സഹായിക്കണമെന്ന ബാനറും മണി ഉയര്‍ത്തിപ്പിടിച്ചിരുന്നു. കൗതുകം പകര്‍ന്ന പ്രതിഷേധമാകയാല്‍ ഉടന്‍ ജനങ്ങള്‍ തടിച്ചുകൂടുകയും ചെയ്തു.

ഇതോടെ പോലീസ് സ്ഥലത്തെത്തി മണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കളക്ടറേറ്റില്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി തടസമുണ്ടാക്കിയതിനാണ് പ്രതിഷേധക്കാരനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഏറെ നേരം ചോദ്യം ചെയ്യുകയും ചെയ്തു. മണിക്കെതിരെ കേസ് ചുമത്തിയിരുന്നോ എന്ന് വ്യക്തമല്ല.
ഭിക്ഷയൊന്നും കിട്ടിയില്ലെങ്കിലും തന്റെ ഒറ്റയാള്‍ പ്രതിഷേധം ഒറ്റദിവസം കൊണ്ട് മാധ്യമങ്ങള്‍ ശ്രദ്ധിച്ചതിലും സര്‍ക്കാരിനെ ഉണര്‍ത്താന്‍ കഴിഞ്ഞതിലും സന്തോഷവാനാണ് മണി. സര്‍ക്കാര്‍ സ്‌കൂളുകളുടെ നില അങ്ങേയറ്റം പരിതാപകരമാണെന്നും സ്വകാര്യ സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മണി ആരോപിച്ചു.












Click it and Unblock the Notifications