കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിദിനവും കൊണ്ട് ദില്ലിയിൽ ചെന്ന യുഡിഎഫ് എംപിമാരെ വിലക്കി സോണിയ, പ്രതിഷേധം കേരളത്തിൽ മതി

  • By Anamika Nath
Google Oneindia Malayalam News

ദില്ലി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസ് ഏതാണ് ബിജെപി ഏതാണ് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് കേരളത്തിലെ അവസ്ഥ. ഇരുകൂട്ടരും സ്ത്രീ പ്രവേശനത്തെ ശക്തിയുക്തം എതിര്‍ക്കുന്നു. ദേശീയ തലത്തില്‍ കടിച്ച് കീറുന്ന കോണ്‍ഗ്രസും ബിജെപിയും ശബരിമല വിഷയത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന വിചിത്ര കാഴ്ചയാണ് കേരളത്തില്‍.

ശ്രീധരന്‍ പിളളയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ഒരേ ശബ്ദം. ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങള്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചാലും അവര്‍ക്ക് പറയാനുളള ചെന്നിത്തല അടക്കമുളള കോണ്‍ഗ്രസുകാര്‍ പറഞ്ഞ് കൊളളും എന്ന് സോഷ്യല്‍ മീഡിയ പരിഹസിക്കുന്ന അവസ്ഥ. ബിജെപി ഹര്‍ത്താല്‍ നടത്തുമ്പോള്‍ കോണ്‍ഗ്രസ് കരിദിനം ആചരിക്കും. എന്നാല്‍ കരിദിനവും കൊണ്ട് ദില്ലിക്ക് പോയ കോണ്‍ഗ്രസ് എംപിമാരെ സോണിയ ഗാന്ധി കണ്ടം വഴി ഓടിച്ചു എന്നാണ് വാര്‍ത്ത.

വിധി സ്വാഗതം ചെയ്ത കോൺഗ്രസ്

വിധി സ്വാഗതം ചെയ്ത കോൺഗ്രസ്

ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങാതെ പിറകില്‍ നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ് ആദ്യം. കൊടി പിടിച്ച സമരം വേണ്ടെന്ന് രാഹുല്‍ ഗാന്ധി തന്നെ കേരള നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീം കോടതി വിധിയെ ചരിത്ര വിധിയെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തത്. യുവതീ പ്രവേശനത്തിന് താന്‍ അനുകൂലമാണ് എന്ന് രാഹുല്‍ ഗാന്ധി തന്നെ തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പ്രത്യക്ഷ പ്രതിഷേധത്തിലേക്ക്

പ്രത്യക്ഷ പ്രതിഷേധത്തിലേക്ക്

അതേസമയം ശബരിമല വൈകാരിക വിഷയമാണെന്നും പ്രാദേശിക നേതൃത്വത്തിന്റെ വികാരം മാനിക്കുന്നുവെന്നും രാഹുല്‍ നിലപാടെടുത്തു. ശേഷം കോണ്‍ഗ്രസ് പ്രത്യക്ഷമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങി. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നതില്‍ ബിജെപിയോട് കട്ടയ്ക്ക് നിന്ന് മത്സരിക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

അവിടെ ഹർത്താൽ ഇവിടെ കരിദിനം

അവിടെ ഹർത്താൽ ഇവിടെ കരിദിനം

കേരളത്തില്‍ തങ്ങള്‍ക്കുളള ഇടമാണ് സംഘപരിവാര്‍ കയ്യേറുന്നത് എന്ന ആശങ്കയില്‍ ആണ് കോണ്‍ഗ്രസ്. രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിനെതിരെ ബിജെപി ഹര്‍ത്താല്‍ നടത്തിയപ്പോള്‍ കോണ്‍ഗ്രസ് കരിദിനം പ്രഖ്യാപിച്ചു. സ്വന്തം സര്‍ക്കാരായിട്ടും ശബരിമല വിധിയെ മറികടക്കാന്‍ ബിജെപി ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് ആവട്ടെ അതിനുളള നീക്കവും നടത്തുന്നു.

കരിദിനവുമായി ദില്ലിയിൽ

കരിദിനവുമായി ദില്ലിയിൽ

എന്നാല്‍ കരിദിനവും കൊണ്ട് ദില്ലിയില്‍ എത്തിയ കേരള എംപിമാരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധി വിലക്കിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ കരിദിനം ആചരിച്ച വ്യാഴാഴ്ച കറുത്ത ബാന്‍ഡ് സഭയില്‍ ധരിക്കാന്‍ ആയിരുന്നു യുഡിഎഫ് എംപിമാരുടെ നീക്കം. കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ബാന്‍ഡുമായി എംപിമാര്‍ സഭയിലെത്തി.

സോണിയാ ഗാന്ധി ഇടപെട്ടു

സോണിയാ ഗാന്ധി ഇടപെട്ടു

ഉച്ച തിരിഞ്ഞ് മറ്റ് എംപിമാര്‍ക്ക് ബാന്‍ഡ് വിതരണം നടത്തുന്നത് സോണിയാ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ സോണിയ ഇടപെട്ടു. കാര്യമെന്തെന്ന് അന്വേഷിച്ച സോണിയയോട് ശബരിമലയില്‍ യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട കരിദിനമാണ് എന്ന് കേരള എംപിമാര്‍ അറിയിച്ചു. എന്നാല്‍ ബാന്‍ഡ് വിതരണം നിര്‍ത്താന്‍ സോണിയ ആവശ്യപ്പെടുകയായിരുന്നു.

പ്രതിഷേധം ഇവിടെ വേണ്ട

പ്രതിഷേധം ഇവിടെ വേണ്ട

ശബരിമലയിലെ പ്രശ്‌നം ലിംഗ സമത്വത്തിന്റെതാണ് എന്ന് സോണിയ പറഞ്ഞു. ലിംഗ നീതിക്കും സ്ത്രീ സമത്വത്തിനും ഒപ്പമാണ് കോണ്‍ഗ്രസ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെതിരെ ദേശീയ തലത്തില്‍ എംപിമാര്‍ പ്രതിഷേധിക്കരുത് എന്നും കേരളത്തില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രതിഷേധം തുടരാം എന്നും സോണിയ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

പ്രതിഷേധ ധർണ

പ്രതിഷേധ ധർണ

രാവിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധിച്ച ശേഷമാണ് യുഡിഎഫ് എംപിമാര്‍ ഇരുസഭകളിലും എത്തിയത്. സേവ് ശബരിമല മുദ്രാവാക്യം വിളികളുമായിട്ടായിരുന്നു പ്രതിഷേധം. യുവതീ പ്രവേശനത്തിനെതിരെ സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസും നല്‍കി. കേരളത്തിലെ ക്രമസമാധാനം യുവതീ പ്രവേശനത്തിലൂടെ തകര്‍ത്തും എന്നായിരുന്നു ആരോപണം. വിശ്വാസികള്‍ അല്ലാത്ത ആക്ടിവിസ്റ്റുകളെയാണ് ശബരിമലയില്‍ എത്തിച്ചതെന്ന് എംപിമാര്‍ ആരോപിച്ചു.

മോദിയെ കണ്ടേക്കില്ല

മോദിയെ കണ്ടേക്കില്ല

വിഷയം ശൂന്യവേളയില്‍ ഉന്നയിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയെങ്കിലും ബഹളം കാരണം അതിന് സാധിച്ചിരുന്നില്ല. ശബരിമലയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനുളള നീക്കത്തില്‍ നിന്നും യുഡിഎഫ് എംപിമാര്‍ പിന്നോട്ട് പോയിരിക്കുന്നു. ദേശീയ നേതൃത്വത്തോട് ആലോചിച്ച് മാത്രമേ ചെയ്യൂ എന്നാണ് പുതിയ നിലപാട്. അതേസമയം സംഘപരിവാര്‍ അക്രമം അഴിച്ച് വിട്ടതിനെതിരെ രാജ്യസഭയില്‍ സിപിഎം എംപിമാര്‍ നോട്ടീസ് നല്‍കിയെങ്കിലും വെങ്കയ്യ നായിഡു അനുമതി നല്‍കിയില്ല.

English summary
Sonia Gandhi stopped Congress MPs from protest on Sabarimala in Lok Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X