ഒരു മുഴം മുന്നെ എസ്പി: 16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു,ഡിംപിൾ യാദവ് മെയിന്‍പുരിയില്‍ മത്സരിക്കും
ലഖ്‌നൗ: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി സമാജ്‌വാദി പാർട്ടി (എസ്‌പി). ഉത്തർപ്രദേശിലെ 16 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പാർട്ടി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യ കക്ഷി അംഗങ്ങളുമായി സഖ്യത്തിൽ മത്സരിക്കുന്ന എസ്പിയുടെ ആദ്യ പട്ടികയിൽ പാർട്ടിയുടെ ശക്തികേന്ദ്രമായ മെയിൻപുരിയിൽ നിന്ന് അഖിലേഷ് യാദവിൻ്റെ ഭാര്യയും സിറ്റിങ് എംപിയുമായ ഡിംപിൾ യാദവ് മത്സരിക്കും.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ സ്വന്തം പട്ടണമായ ഗോരഖ്പൂരിൽ നിന്ന് കാജൽ നിഷാദിനെ മത്സരിപ്പിക്കാനാണ് എസ്പി തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തിലെ 'നിഷാദ്' (ബോട്ട്മാൻ) സമുദായത്തിൽ നിന്നുള്ള വോട്ടർമാരെ കണക്കിലെടുത്താണ് കാജൽ നിഷാദിനെ മത്സര രംഗത്തേക്ക് ഇറക്കിയിരിക്കുന്നത്.

ധർമേന്ദ്ര യാദവ് ബദൗൺ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും എസ്പി ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവിൻ്റെ മകൻ അക്ഷയ് യാദവ് ഫിറോസാബാദ് മണ്ഡലത്തിൽ നിന്നും മത്സരിക്കും. അനു ടണ്ടൻ ഉന്നാവോയിൽ നിന്ന് എസ്പി സ്ഥാനാർത്ഥിയാകും രവിദാസ് മെഹ്‌റോത്രയും രഹരം പാലും യഥാക്രമം ലഖ്‌നൗവിൽ (ഇപ്പോൾ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിനിധീകരിക്കുന്നു), അക്ബർപൂർ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥികളാവും.
സിറ്റിംഗ് എംപി ഷഫീഖ്-ഉർ-റഹ്മാൻ ബുർഖിനെ സംഭാലിൽ നിന്നും നവൽ കിഷോർ ശാക്യയും ശിവ് ശങ്കർ സിംഗ് പട്ടേലും യഥാക്രമം ഫറൂഖാബാദിൽ നിന്നും ബന്ദ എൽഎസ് സീറ്റുകളിൽ നിന്നും വീണ്ടും മത്സരിപ്പിക്കും. ഫൈസാബാദിൽ നിന്ന് അവധേഷ് പ്രസാദിനെയും അംബേദ്കർ നഗറിൽ നിന്ന് ലാൽജി വർമയെയും ബസ്തിയിൽ നിന്ന് രാം പ്രസാദ് ചൗധരിയെയുമാണ് പാർട്ടി സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്.
ജാതി സമവാക്യങ്ങൾ ഒഴിവാക്കാനാണ് എസ്പി ശ്രമിക്കുന്നതെന്നും മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം കണക്കിലെടുത്താണ് നോമിനികളെ തിരഞ്ഞെടുത്തതെന്നും പട്ടിക വ്യക്തമാക്കുന്നു. ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഖിലേഷ് വാഗ്ദാനം ചെയ്ത 11 സീറ്റുകളിൽ കൂടുതൽ പഴയ പാർട്ടിക്ക് ലഭിക്കുമെന്നും കോൺഗ്രസിൻ്റെ അവകാശവാദങ്ങൾക്കിടയിലാണ് എസ്പി ആദ്യ പട്ടിക പ്രഖ്യാപിച്ചത്.
മറ്റു ചെറുപാര്‍ട്ടികളെയും സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ എസ്പി ശ്രമിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ചില സീറ്റുകള്‍ കൂടി എസ്പി വിട്ടുകൊടുക്കും. സഖ്യത്തിലെ മറ്റൊരു പാർട്ടിയായ ആർ എല്‍ ഡിക്ക് ഏഴോളം സീറ്റുകള്‍ നല്‍കാനാണ് ധാരണ.












Click it and Unblock the Notifications