മണിപ്പൂരിൽ നാടകീയ രംഗങ്ങൾ; ബീരേൻ സിങിന്റെ രാജിക്കത്ത് കീറിയെറിഞ്ഞ് അണികൾ, രാജിവെക്കില്ലെന്ന് ട്വീറ്റ്
ഇംഫാൽ; രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ന് ഗവർണറെ കണ്ട് രാജി സമർപ്പിക്കുമെന്ന് ബിരേൻ സിങ് അറിയിച്ചിരുന്നു. എന്നാൽ ഉച്ചയോടെ ഗവർണറെ കാണാനായി പുറപ്പെട്ട ബീരേൻ സിങിനെ അണികൾ തടഞ്ഞു. തുടർന്ന് നാടകീയ രംഗങ്ങളായിരുന്നു ഇംഫാലിൽ അരങ്ങേറിയത്. ഇതിന് പിന്നാലെയാണ് താൻ രാജിവെയ്ക്കില്ലെന്നും മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി തുടരുമെന്നു ബിരേൻ സിങ് വ്യക്തമാക്കിയത്.
മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബീരേൻ സിങിന്റെ രാജിക്കായുള്ള സമ്മർദ്ദം ശക്തമായിരുന്നു. കലാപം പടരാന്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കാരണമായെന്ന ആക്ഷേപം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബിരേൻ സിങ് രാജിക്കൊരുങ്ങിയത്.

എന്നാൽ മുഖ്യമന്ത്രിയും 20 എംഎൽഎമാരും അടങ്ങുന്ന സംഘം ഗവർണറെ കാണാനായി പുറപ്പെട്ടപ്പോൾ സ്ത്രീകൾ അടക്കമുള്ള അണികൾ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ തടിച്ച് കൂടുകയായിരുന്നു. സ്ത്രീകളുടെ നേതൃത്വത്തിൽ മനുഷ്യചങ്ങലയും തീർത്തു. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെച്ചാൽ തങ്ങളെ ആര് നയിക്കുമെന്നായിരുന്നു സ്ത്രീ അനുയായികളുടെ ചോദ്യം.
'2 മാസമായി സംസ്ഥാനം സംഘർഷാവസ്ഥയിലാണ്. എന്നാൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ജനാധിപത്യ രീതിയിൽ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കുന്ന ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ മണിപ്പൂർ മുഖ്യമന്ത്രി രാജിവച്ചാൽ ഇവിടുത്തെ ജനങ്ങൾ എങ്ങനെ ജീവിക്കും? ആരാണ് നമ്മെ നയിക്കുക? അദ്ദേഹം രാജിവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുന്നു', ഇവർ പറഞ്ഞു.
അതേസമയം ജനങ്ങൾ അദ്ദേഹത്തിന്റെ രാജിക്കത്ത് കീറിയെറിഞ്ഞുവെന്ന് സർക്കാർ വക്താവ് പറഞ്ഞു. 'പി ഡബ്ല്യു ഡി മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്തെത്തി രാജിക്കത്ത് ജനങ്ങളെ ഉറക്കെ വായിച്ച് കേൾപ്പിച്ചു. കത്ത് തടിച്ച് കൂടിയ സ്ത്രീകളുടെ കൈകളിലേക്ക് കൈമാറി. ഇതോടെ ഇവർ കത്ത് കീറിയെറിഞ്ഞു',എന്നായിരുന്നു സർക്കാർ വക്താവ് വിശദീകരിച്ചത്. മുഖ്യമന്ത്രിയുടെ വസതിയിൽ തിരിച്ചെത്തിയ ശേഷം ജനഹിതം മാനിച്ച് രാജി പുനഃപരിശോധിക്കണമെന്ന് ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിച്ചുവെന്നും ഇതോടെയാണ് അദ്ദേഹം പിൻമാറിയതെന്നും മന്ത്രി സപം രഞ്ജൻ സിംഗും വ്യക്തമാക്കി.
അതേസമയം ബിരേൻ സിങ് രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കുക്കി വിഭാഗം. മെയ്തെയ് വിഭാഗക്കാരനാണ് ബിരേൻ സിങ്.












Click it and Unblock the Notifications