ഇത്തരം കോച്ചിംഗ് സെൻ്ററുകൾ വിദ്യാർത്ഥികളുടെ മരണ മുറികളായിരുന്നു: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി
ന്യൂഡൽഹി: ഡല്‍ഹി ഐഎഎസ് കോച്ചിങ് സെന്ററിലെ ലൈബ്രറിയില്‍ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി സുപ്രീംകോടതി. കോച്ചിംഗ് സെൻ്ററുകൾ മരണമുറികളായി മാറുകയും കുട്ടികളുടെ ജീവിതം കൊണ്ട് കളിക്കുകയുമാണെന്ന് വിമർശിച്ച സുപ്രീംകോടതി സംഭവത്തിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.
കനത്ത മഴയെത്തുടർന്ന് ഡൽഹിയിലെ രാജേന്ദ്ര നഗറിലെ സിവിക്, ഫയർ സേഫ്റ്റി നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ വെള്ളം കയറിയതിനെ തുടർന്നായിരുന്നു വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി വാദത്തിനിടെ കോച്ചിംഗ് സെൻ്ററുകൾ "കുട്ടികളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്ന്" എന്നും കുറ്റപ്പെടുത്തി.

ഡൽഹിയിൽ മാത്രം നൂറുകണക്കിന് കോച്ചിംഗ് സെൻ്ററുകളാണുള്ളത്. ഇത്തരം കോച്ചിംഗ് സെൻ്ററുകൾക്ക് എന്തെല്ലാം നിയമങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇവയിൽ പലതും ഐ എ എസ് പ്രവേശന പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ തയ്യാറാക്കാൻ അമിതമായ ഫീസ് ഈടാക്കുകയും എന്നാൽ സുരക്ഷിതമല്ലാത്ത ചുറ്റുപാടിൽ പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
"ഈ സ്ഥലങ്ങൾ മരണമുറികളായി മാറിയിരിക്കുന്നു. സുരക്ഷിതത്വവും അന്തസ്സുള്ള ജീവിതത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളും പൂർണ്ണമായി പാലിക്കുന്നില്ലെങ്കിൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് ഓൺലൈനിൽ പ്രവർത്തിക്കം. കോച്ചിംഗ് സെൻ്ററുകൾ വിദ്യാർത്ഥികളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്..." ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവർ അധ്യക്ഷരായ ബെഞ്ച് പറഞ്ഞു.
മാനദണ്ഡങ്ങളിൽ ശരിയായ വെൻ്റിലേഷനും സുരക്ഷിതമായ പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഉള്‍പ്പെടുത്തണം. സിവിക്, ഫയർ സേഫ്റ്റി പരിശോധനകള്‍ പാസാകാത്ത അത്തരം എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തതിന് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫെഡറേഷൻ്റെ ഒരു ഹർജിയിൽ സുപ്രീം കോടതി 1 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
അപകടത്തില്‍ എറണാകുളം സ്വദേശിയായ നെവിൻ ഡെൽവിൻ (24), ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25), തെലങ്കാനയിൽ നിന്നുള്ള താനിയ സോണി (25) എന്നിവരായിരുന്നു ജുലൈ 27 ന് നടന്ന അപകടത്തില്‍ മരണപ്പെട്ടത്. സംഭവത്തില്‍ മനൂജ് കതൂരിയ, തെജീന്ദർ സിംഗ്, പർവിന്ദർ സിംഗ്, ഹർവിന്ദർ സിംഗ്, സരബ്‌ജിത്ത് സിംഗ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എല്ലാ പ്രതികളുടേയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളുകയും ചെയ്തു.












Click it and Unblock the Notifications