കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി; സംസ്ഥാന പദവി തിരിച്ചുനല്‍കണം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച സുപ്രീംകോടതി എത്രയും വേഗം കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കണമെന്ന് നിര്‍ദേശിച്ചു. അടുത്ത വര്‍ഷം സെപ്തംബര്‍ 30നകം കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദേശവും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നല്‍കി.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദമായിരുന്നു ആര്‍ട്ടിക്കിള്‍ 370. 2019ല്‍ കേന്ദ്ര സര്‍ക്കാരാണ് ഇത് റദ്ദാക്കിയത്. പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊണ്ടുവന്ന പ്രമേയത്തിലൂടെയാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ടത്. ഇത് ചോദ്യം ചെയ്തുള്ള നിരവധി ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചതും ഇന്ന് വിധി പ്രസ്താവിച്ചതും.

2018ല്‍ ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. മൂന്ന് വിധികളാണ് ഇക്കാര്യത്തിലുള്ളതെങ്കിലും എല്ലാം യോജിച്ച വിധിയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായതോടെ ഇന്ത്യയുടെ പരമാധികാരത്തിന് മുകളില്‍ കശ്മീരിന് പ്രത്യേക അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കശ്മീരിന് നല്‍കിയ പ്രത്യേക അധികാരം താല്‍ക്കാലികമായിരുന്നുവെന്ന് പറഞ്ഞ കോടതി കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന് ആശ്വാസം നല്‍കുന്ന വിധിയാണിത്.
അതേസമയം, ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. അടുത്ത വര്‍ഷം സെപ്തംബര്‍ 30നകം തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് നിര്‍ദേശം. മാത്രമല്ല, എത്രയും വേഗം കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കണമെന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും സംസ്ഥാന പദവി തിരിച്ചുനല്‍കുമെന്നും കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവച്ച സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാണ്. അതേസമയം, സംസ്ഥാന പദവി തിരിച്ചുനല്‍കണമെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള വിധി ഹര്‍ജിക്കാര്‍ക്കും ആശ്വാസമാണ്. കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ അന്വേഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 1980കള്‍ മുതലുള്ള സംഭവങ്ങള്‍ അന്വേഷിക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിലെ ഒരു ജഡ്ജിയുടെ പ്രത്യേക നിര്‍ദേശം.












Click it and Unblock the Notifications