'ബുത്ത് തലത്തിലെ കണക്കുകള്‍ പുറത്ത് വിടണം':ഹർജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
ഡല്‍ഹി: ബുത്ത് അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടണമെന്ന ഹർജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. തിരഞ്ഞെടുപ്പിനിടെ ഹർജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാ പോളിംഗ് ബുത്തുകളിലേയും വോട്ടർമാരുടെ അന്തിമ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്ന ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കാന്‍ വിസമ്മതിച്ചത്.
ഈ ഘടത്തില്‍ ഹർജി പരിഗണിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം വിഷയം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന അവധിക്കാല ബെഞ്ചിന് മുമ്പാകെയായിരുന്നു ഹർജിയെത്തിയത്. "നാളെ ആറാം ഘട്ട തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പിന് ശേഷം ഈ കേസ് പരിഗണിക്കാമെന്ന് ഞങ്ങൾ കരുതുന്നു" ബെഞ്ച് വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഓരോ ഘട്ടത്തിലെയും വോട്ടെടുപ്പ് അവസാനിച്ച് 48 മണിക്കൂറിനുള്ളിൽ പോളിങ് സ്‌റ്റേഷൻ തിരിച്ചുള്ള വോട്ടർമാരുടെ കണക്കുകൾ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന എൻജിഒ നൽകിയ ഹർജിയാണ് സുപ്രീം കോടതിക്ക് മുമ്പാകെയുണ്ടായിരുന്നത്.
വോട്ടർമാരുടെ മനസ്സിൽ സംശയം ജനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വാദത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ബെഞ്ചിനെ അറിയിച്ചു. 'ഹർജി ആളുകള്‍ക്കിടയില്‍ സംശയം ജനിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പ് നടത്തുന്നത് കഠിനമായ ഒരു ദൗത്യമാണ്, ഇത്തരം നിക്ഷിപ്ത താൽപ്പര്യക്കാരെ ഇതിലേക്ക് ഇടപെടാൻ അനുവദിക്കരുത്' തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടർമാരുടെ പോളിംഗ് ഡാറ്റ യഥാക്രമം 11, 14 ദിവസങ്ങൾക്ക് ശേഷമായിരുന്നു പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർ പോളിംഗ് ഡാറ്റ പുറത്തുവിടുന്നതിലെ ഈ "അസാധാരണമായ" അവസാന ഘട്ട കണക്കുകളില്‍ വന്ന അഞ്ച് ശതമാനത്തിന്റെ വർധനവും കണക്കുകളുടെ കൃത്യതയെക്കുറിച്ചുള്ള ആശങ്കകളും പൊതുജനങ്ങളുടെ സംശയവും ഉയർത്തുന്നുവെന്നാണ് ഹർജി സമർപ്പിച്ച അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ചൂണ്ടിക്കാട്ടുന്നത്.
"വിവരങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന്, നിയോജക മണ്ഡലം, പോളിംഗ് സ്റ്റേഷൻ തിരിച്ചുള്ള വോട്ടർമാരുടെ കണക്കുകൾ സംഖ്യയിലും ശതമാനത്തിലും വെളിപ്പെടുത്തണം," എന്നും സംഘടന ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം എല്ലാ ബൂത്തുകളിലേയും വോട്ടിങ് വിവരം അടങ്ങുന്ന ഫോം 17സി പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നിലപാട് ഭരണഘടന ഉത്തരവാദിത്തം മറന്നുകൊണ്ടാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വിയുടെ പ്രതികരണം.












Click it and Unblock the Notifications