എസ്സി, എസ്ടിക്കാരിലെ അതിപിന്നാക്കക്കാര്‍ക്ക് ഉപ സംവരണം നല്‍കാം; സുപ്രധാനവിധിയുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: പിന്നാക്ക സമുദായങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ളിലെ ഉപവര്‍ഗീകരണം അംഗീകരിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ച് ജസ്റ്റിസ് ബേല ത്രിവേദിയുടെ വിയോജിപ്പോടെയാണ് ഉപസംവരണം അംഗീകരിച്ചത്.
ആറ് പ്രത്യേക വിധിന്യായങ്ങള്‍ എഴുതി. ഇ വി ചിന്നയ്യ വേഴ്സ് സ്റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശ് കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ 2004ലെ വിധിയെ അസാധുവാക്കുന്നതാണ് വിധി. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. എസ്‌സി-എസ്ടി വിഭാഗങ്ങളിലെ ഉപസംവരണത്തിന് അനുകൂലമാണെന്ന് വാദത്തിനിടെ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

ആനുകൂല്യങ്ങള്‍ കൂടുതല്‍ പിന്നാക്ക വിഭാഗങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സംവരണ വിഭാഗ സമുദായങ്ങളെ ഉപ-വര്‍ഗീകരിക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് വിലയിരുത്തി. അതേസമയം സംവരണത്തിനായി മാറ്റി വച്ചിട്ടുള്ള മുഴുവന്‍ സീറ്റുകളും അതി പിന്നാക്കക്കാര്‍ക്കായി നീക്കി വയ്ക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. അതി പിന്നാക്കക്കാര്‍ക്കായി ഉപസംവരണം ഏര്‍പെടുത്തുന്നത് കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം.
സംവരണത്തിനായി പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു കീഴില്‍ ഉപ വിഭാഗങ്ങളുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അവശ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാനങ്ങള്‍ക്ക് സംവരണത്തിനു കീഴില്‍ ഉപസംവരണം കൊണ്ടുവരാമെന്ന് കോടതി ബെഞ്ച് വ്യക്തമാക്കി. എസ്‌സി-എസ്ടി വിഭാഗങ്ങളിലെ ക്രീമിലെയറിനെ കണ്ടെത്തി സംവരണത്തില്‍നിന്ന് ഒഴിവാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഗവായ് വിധിന്യായത്തില്‍ നിര്‍ദേശിച്ചു.
എന്നാല്‍ ഭരണഘടനയുടെ 341-ാം അനുഛേദ പ്രകാരം വിജ്ഞാപനം ചെയ്യുന്ന പട്ടികയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് വിയോജന വിധിയില്‍ ജസ്റ്റിസ് ബേല എം ത്രിവേദി പറഞ്ഞു. ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടാവാണം സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം എന്നും അദ്ദേഹം പറഞ്ഞു. ഉപ സംവരണം തള്ളിയ 2010 ലെ പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അടക്കം 23 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച ജസ്റ്റിസ് ത്രിവേദി, കാരണങ്ങളൊന്നും പറയാതെ മൂന്നംഗ ബെഞ്ച് വിശാല ബെഞ്ചിലേക്ക് റഫര്‍ ചെയ്ത രീതി അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു. 'മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് കാരണങ്ങളൊന്നും നല്‍കാതെ നിഗൂഢവും നിഷ്‌ക്രിയവുമായ ഉത്തരവാണ് പുറപ്പെടുവിച്ചത്. മുന്‍വിധികളുടെ സിദ്ധാന്തമാണ് നമ്മുടെ നിയമവ്യവസ്ഥയുടെ കാതലായ മൂല്യം,' അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications