തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി; ഇവിഎം പരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളാതെ സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇ വി എം ഹര്‍ജികളില്‍ സുപ്രീം കോടതി അടുത്ത മാസം വാദം കേള്‍ക്കും. ഇ വി എം പരിശോധിക്കുന്നതിനുള്ള നയം ആവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്ത വര്‍ഷം ജനുവരിയില്‍ ജസ്റ്റിസ് ദീപങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹരിയാന കോണ്‍ഗ്രസ് നേതാക്കളുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി
മുന്‍ ഹരിയാന മന്ത്രിയും അഞ്ച് തവണ എം എല്‍ എയുമായ കരണ്‍ സിംഗ് ദലാലിന്റെയും ലഖന്‍ കുമാര്‍ സിംഗ്ലയുടെയും ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുക. പഴയ പേപ്പര്‍ ബാലറ്റുകള്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യം സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ച് ഏപ്രിലില്‍ വിധി പുറപ്പെടുവിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് ഇതേ സമാന ഹര്‍ജികള്‍ നേരത്തെ തള്ളിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഏപ്രില്‍ 26-ലെ വിധിയില്‍ ഇ വി എമ്മുകളില്‍ കൃത്രിമം കാണിച്ചുവെന്ന സംശയത്തെ അടിസ്ഥാനരഹിതമെന്നായിരുന്നു സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നത്.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് ശതമാനം ഇവിഎമ്മുകള്‍ ഇവിഎം നിര്‍മ്മാതാക്കളില്‍ നിന്ന് എഞ്ചിനീയര്‍മാരുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തങ്ങളുടെ ഹര്‍ജി തിരഞ്ഞെടുപ്പ് ഫലത്തെ വെല്ലുവിളിക്കുന്നതല്ലെന്നും എന്നാല്‍ ഇവിഎം പരിശോധനയ്ക്ക് ശക്തമായ സംവിധാനം വേണമെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യുന്ന പ്രത്യേക തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ പരിഗണനയിലാണ്. എട്ടാഴ്ചയ്ക്കുള്ളില്‍ പരിശോധന നടത്താന്‍ ഇസിയോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ 90 ല്‍ 48 സീറ്റുകളും ബി ജെ പി നേടിയിരുന്നു.
ജനുവരി 20 ന് ജസ്റ്റിസ് ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. ഇ വി എമ്മുകള്‍ക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് കോടതി നടപടി എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications