'ചില ആളുകള്‍ മനഃപൂര്‍വ്വം പാലം കുലുക്കി'; അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട കുടുംബം പറയുന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബി തൂക്ക് പാലം തകര്‍ന്ന് വീഴാന്‍ കാരണം ചിലര്‍ പാലം കുലുക്കിയതിനാലാണ് എന്ന് സംശയം. അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അഹമ്മദാബാദ് നിവാസിയായ വിജയ് ഗോസ്വാമിയുടെ വെളിപ്പെടുത്തലാണ് ഇത്തരമൊരും സംശയം ജനിപ്പിക്കുന്നത്.

പാലത്തില്‍ കയറിയ ആള്‍ക്കൂട്ടത്തിലെ ചില യുവാക്കള്‍ പാലം കുലുക്കാന്‍ തുടങ്ങിയെന്നും ഇതിനെ തുടര്‍ന്ന് ഭയന്ന് പാലത്തില്‍ പാതിവഴിയില്‍ നിന്ന് മടങ്ങി പോവുകയായിരുന്നു എന്നുമാണ് വിജയ് ഗോസ്വാമിയുടെ വെളിപ്പെടുത്തല്‍.
ഉച്ചയോടെയായിരുന്നു വിജയ് ഗോസ്വാമിയും കുടുംബവും പാലത്തില്‍ നിന്ന് തിരിച്ചിറങ്ങിയത്. വൈകീട്ട് ആറരയോടെ പാലം തകര്‍ന്നെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഭയം ശരിയാണെന്ന് തെളിഞ്ഞു എന്നും അദ്ദേഹം പറയുന്നു.
ചില യുവാക്കള്‍ മനഃപൂര്‍വം പാലം കുലുക്കാന്‍ തുടങ്ങിയെന്നും ഇത് മറ്റുള്ളവര്‍ക്ക് നടക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആണ് ഗോസ്വാമി പറയുന്നത്. ഇത് അപകടകരമാണെന്ന് തോന്നിയതിനാല്‍ പാലത്തില്‍ കൂടുതല്‍ മുന്നോട്ട് പോകാതെ താനും കുടുംബവും മടങ്ങുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം പാലം ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ നിസ്സംഗത പാലിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ദീപാവലി അവധിക്കാലം ആസ്വദിക്കാനാണ് താന്‍ കുടുംബത്തോടൊപ്പം മോര്‍ബിയിലേക്ക് പോയതെന്ന് ഗോസ്വാമി പറയുന്നു. പാലത്തിന് മുകളില്‍ ഒരു വലിയ ജനക്കൂട്ടമുണ്ടായിരുന്നു. ചില യുവാക്കള്‍ മനഃപൂര്‍വ്വം പാലം കുലുക്കാന്‍ തുടങ്ങി. ആ സമയം താനും കുടുംബവും പാലത്തിന് മുകളിലായിരുന്നു.
ആളുകള്‍ പാലം കുലുക്കുന്നത് തടയാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ ടിക്കറ്റ് വില്‍ക്കുന്നതില്‍ മാത്രമാണ് താല്‍പ്പര്യം കാണിച്ചത്. തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ല എന്നും അവര്‍ പറഞ്ഞു.
ഏഴ് മാസത്തോളം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയായിരുന്നു മോര്‍ബി പാലം. ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മിച്ച പാലം നാല് ദിവസം മുമ്പാണ് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് തങ്ങളുടെ കുടുംബാംഗങ്ങളെയോ മാതാപിതാക്കളെയോ കാണാനില്ല എന്ന് പറഞ്ഞ് സ്ഥലത്തുണ്ടായിരുന്ന നിരവധി കുട്ടികള്‍ മാധ്യമപ്രവര്‍ത്തകരെ സമീപിച്ചിരുന്നു.












Click it and Unblock the Notifications