'ദില്ലി പൊലീസിനെതിരെ നടപടിയില്ലെങ്കില്‍ പ്രക്ഷോഭം'
ദില്ലി: ദില്ലി സര്‍ക്കാരും പൊലീസും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. മന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ച പൊലീസിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ആഭ്യന്തരമന്ത്രി സുഷീല്‍ കുമാര്‍ ഷിന്റെയുടെ ഓഫീസിന് മുന്നില്‍ ജനങ്ങള്‍ക്കൊപ്പം താനും പ്രക്ഷോഭമാരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പു നല്‍കി. നിയമമന്ത്രി സോംനാഥ് ഭാരതിയുടെ നിര്‍ദ്ദേശം അവഗണിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഷിന്‍ഡെയുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് കെജ്രിവാള്‍ അറിയിച്ചു.
പൊലീസ് സര്‍ക്കാറിന്റെ കീഴിലാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്രിവാള്‍ അറിയിച്ചു. നിലവില്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലാണ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്വം മനസ്സിലാക്കണം. ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ദില്ലിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

ആപ് സര്‍ക്കാരിന്റെ നിയമമന്ത്രി സോംനാഥ് ഭാരതി, വിദേശ വനിതയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി റെയ്ഡ് നടത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ അത് അവഗണിച്ചു. പകരം സോംനാഥ് വിവാദത്തിലാകുകയും ചെയ്തു.
ആഫ്രിക്കന്‍ വംശജരായ ആറു വനിതകളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചെന്നാരോപിച്ച് സോംനാഥിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതിയും ലഭിച്ചു. എന്നല്‍ പെണ്‍വാണിഭ- മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി റെയ്ഡിന് നിര്‍ദ്ദേശം നല്‍കിയത്.












Click it and Unblock the Notifications