സഞ്ജയ് സിംഗ് എംപിയുടെ സസ്പെന്‍ഷന്‍; പ്രതിഷേധ സമരം രാത്രിയിലും തുടര്‍ന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി : ആം ആദ്മി നേതാവ് സഞ്ജയ് സിംഗിനെ സസ്പെന്‍ഡ് ചെയ്തതിനെതിരെയും മണിപ്പൂരിനെക്കുറിച്ചുള്ള ചര്‍ച്ച പ്രധാനമന്ത്രി സഭയില്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ നേതാക്കള്‍ പാര്‍ലമെന്റ് വളപ്പില്‍ ആരംഭിച്ച സത്യാഗ്രഹ സമരം രാത്രിയിലും തുടരും. തിങ്കളാഴ്ച രാവിലെയാണ് പ്രതിഷേധ സമരം ആരംഭിച്ചത് .
ഗാന്ധി പ്രതിമയ്ക്ക് സമീപം കുത്തിയിരുന്നാണ് പ്രതിഷേധം. ചൊവ്വാഴ്ചയും പ്രതിഷേധം തുടരുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 20 രാജ്യസഭാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 50 മണിക്കൂറോളം പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത എ എ പി എം പി സഞ്ജയ് സിംഗ് രാത്രി മുഴുവന്‍ പ്രതിഷേധത്തില്‍ തുടരുമെന്നാണ് വിവരം. അദ്ദേഹത്തിന് ആവശ്യമായ സാധനങ്ങളുമായി ഭാര്യ പാര്‍ലമെന്റ് പരിസരത്ത് എത്തിയിരുന്നു. രാവും പകലുമായി സമരത്തില്‍ പങ്കെടുക്കേണ്ട നേതാക്കളുടെ പട്ടിക എല്ലാ പാര്‍ട്ടികളും തയ്യാറാക്കിയിട്ടുണ്ട്. സമരത്തില്‍ നേതാക്കള്‍ മാറി മാറിയാണ് പങ്കെടുക്കുക.
'എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും പൂര്‍ണ ഐക്യമുണ്ട്. സഞ്ജയ് സിംഗിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിക്കാനാണ് തീരുമാനം. രാജ്യസഭയിലായാലും ലോക്സഭയിലായാലും മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കാന്‍ കൂടി വേണ്ടിയാണീ പ്രതിഷേധം- മുതിര്‍ന്ന നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ ഉള്‍പ്പടെയുള്ളവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പ്രതിഷേധം കനത്തതോടെയാണ് എ എ പി എം പി സഞ്ജയ് സിംഗിനെ രാജ്യസഭ ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തത്.
പാര്‍ലമന്റില്‍ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ ഈ വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്. വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കികൊണ്ട് ഹ്രസ്വ ചര്‍ച്ച നടത്താമെന്ന സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷം തള്ളിയിരുന്നു.
ഉച്ചയ്ക്ക് 2.30 ന് സഭ ചേര്‍ന്നപ്പോള്‍ ഈ വിഷയത്തില്‍ ചര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ എം പിമാര്‍ പ്രതിഷേധം തുടരുകയും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള സഭാ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവയ്ക്കുകയുമായിരുന്നു. നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചര്‍ച്ചക്ക് തയ്യാറാണ് എന്ന് അറിയിച്ചിരുന്നു.












Click it and Unblock the Notifications