റിപ്പബ്ലിക് ദിനാഘോഷങ്ങളിലെക്ക് അഫ്ഗാനിസ്ഥാന്‍ പ്രതിനിധിയായി താലിബാന്‍ നേതാവിനും ക്ഷണം
റിപ്പബ്ലിക് ദിനാഘോഷങ്ങളിലെക്ക് അഫ്ഗാനിസ്ഥാന്‍ പ്രതിനിധിയായി താലിബാന്‍ നേതാവിനേയും ക്ഷണിച്ച് അബുദാബിയിലെ ഇന്ത്യൻ എംബസി. 'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ' ചാർജ് ഡി അഫയേഴ്‌സ് (സിഡിഎ) ആയി സേവനമനുഷ്ഠിക്കുന്ന പ്രമുഖ താലിബാൻ വ്യക്തിയായ ബദ്‌റുദ്ദീൻ ഹഖാനിയെയാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
സ്റ്റാൻഡേർഡ് നയതന്ത്ര നടപടിക്രമങ്ങൾ അനുസരിച്ചാണ് ഹഖാനിക്ക് ക്ഷണം നൽകിയതെന്നാണ് ഇന്ത്യൻ എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. "അഫ്ഗാനിസ്ഥാന്റെ അംഗീകൃത ചാർജ് ഡി അഫയേഴ്‌സിന് ക്ഷണം അയച്ചു. യു എ ഇ സർക്കാറിന്റെ അംഗീകാരത്തോട് കൂടി പ്രവർത്തിക്കുന്ന ഘടകമാണ് ഇത് " കാബൂളിലെ വൃത്തങ്ങൾ പറഞ്ഞു. അതേമയം യു എ ഇ താലിബാനെ അംഗീകരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ' എംബസിയുടെ ചാർജ് ഡി'അഫയേഴ്‌സിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇന്ത്യയുടെ ക്ഷണം. 'ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്നതിന്‍ താലിബാന്‍ മുന്‍ഗണ നല്‍കുമ്പോഴാണ് പഴയ വിശേഷണം തന്നെ ഇന്ത്യ തുടരുന്നത്. അബുദാബിയിലെ അഫ്ഗാൻ എംബസി താലിബാൻ പതാകയ്ക്ക് പകരം റിപ്പബ്ലിക് പതാക ഉയർത്തുന്നത് ഇപ്പോഴും തുടരുന്നു എന്നതും ശ്രദ്ധേയമാണ്.
'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ എംബസിയുടെ സിഡിഎയിലേക്കാണ് ക്ഷണം അയച്ചത്. അബുദാബിയിലെ അഫ്ഗാൻ എംബസിക്ക് മുകളിൽ ഇപ്പോഴും റിപ്പബ്ലിക് പതാക പാറുന്നു. ഇന്ത്യന്‍ റിപ്പബ്ലിക് ദിന സ്വീകരണത്തിന് എല്ലാ അംഗീകൃത അംബാസഡർമാരെയും / സിഡിഎമാരെയും ക്ഷണിക്കുന്നത് ഇന്ത്യൻ എംബസിയുടെ പതിവ് പ്രവർത്തനമാണ്.' മറ്റൊരു സ്രോതസ്സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.
2023 ഒക്ടോബറിലാണ് ബദ്‌റുദ്ദീൻ ഹഖാനിയെ ചാർജ് ഡി അഫയേഴ്‌സ് ആയി നിയമിക്കുകയും യുഎഇ ഗവൺമെന്റിന്റെ അംഗീകാരം നേടുകയും ചെയ്തത്. ഹഖാനി നെറ്റ്‌വർക്കിന്റെ സ്ഥാപകനായ ജലാലുദ്ദീൻ ഹഖാനിയുടെ മക്കളിൽ ഒരാളും അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ സഹോദരനുമാണ് ബദ്‌റുദ്ദീൻ ഹഖാനി.
ഹഖാനിയെ ക്ഷണിക്കാനുള്ള തീരുമാനം നയതന്ത്ര മാനദണ്ഡങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അംഗീകൃത ദൗത്യങ്ങളുടെ പ്രതിനിധികളുമായി ഇടപഴകുന്ന പതിവ് രീതിയും പ്രതഫലിപ്പിക്കുന്നതാണ്. താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാതിരിക്കുകയും അന്താരാഷ്ട്ര നയതന്ത്ര പ്രോട്ടോക്കോളുകൾ പിന്തുടരുകയും ചെയ്യുന്ന ഇന്ത്യയുടെ നിലപാടിന് അനുസൃതമായിട്ടും ഈ സമീപനം വിലയിരുത്തപ്പെടുന്നു.
"സാങ്കേതിക വിദഗ്ധരുടെ" ഒരു ടീമിനൊപ്പം കാബൂളിലെ എംബസി വീണ്ടും തുറക്കുന്നതുൾപ്പെടെയുള്ള വിവിധ തലങ്ങളിൽ താലിബാൻ ഉദ്യോഗസ്ഥരുമായി ഇന്ത്യ ചർച്ച നടത്തിയിരുന്നു. എന്നിരുന്നാലും, അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള ഭരണകൂടത്തോടുള്ള വിശാലമായ അന്താരാഷ്ട്ര സമീപനത്തെ പ്രതിധ്വനിപ്പിച്ചുകൊണ്ട് രാജ്യം ഔപചാരികമായ അംഗീകാരം താലിബാന്‍ ഭരണത്തിന് ഇതുവരെ നല്‍കിയിട്ടില്ല.












Click it and Unblock the Notifications