'ദ്രാവിഡവാദവും കമ്മ്യൂണിസവും ആശയപരമായ സൗഹൃദം പങ്കിടുന്നവ, എന്നും നിലനിൽക്കും'; എംകെ സ്‌റ്റാലിൻ
ചെന്നൈ: ദ്രാവിഡവാദവും കമ്മ്യൂണിസവും തമ്മിലുള്ള ബന്ധം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അതീതമാണെന്നും അവ തമ്മിലുള്ള പ്രത്യയശാസ്ത്ര സൗഹൃദം എന്നും നിലനിൽക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. സ്വാതന്ത്ര്യ സമര സേനാനിയും തമിഴ്‌നാട്ടിലെ സിപിഐ പ്രവർത്തകനുമായ ആർ നല്ലക്കണ്ണിന്റെ ജന്മശതാബ്‌ദി ആഘോഷ വേളയിലാണ് എംകെ സ്‌റ്റാലിൻ കമ്മ്യൂണിസവുമായുള്ള ആശയപരമായ അടുപ്പത്തെ കുറിച്ച് മനസ് തുറന്നത്.
കമ്മ്യൂണിസ്‌റ്റ് പാർട്ടികളുമായുള്ള സഖ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനകൾ നൽകി കൊണ്ടാണ് എംകെ സ്‌റ്റാലിന്റെ പരാമർശം ഉണ്ടായിരിക്കുന്നത്. ഇരു പ്രസ്ഥാനങ്ങളും തമ്മിലുള്ള രാഷ്ട്രീയ സൗഹൃദം ഒരു ഇടവേള എടുത്തിരിക്കാമെങ്കിലും ഏതൊരു സാഹചര്യത്തിലും അവ തമ്മിലുള്ള ബന്ധം അതേപടി തുടരുമെന്നും അറിയിച്ചു.

സംസ്ഥാനത്തെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ അധ്യക്ഷൻ കൂടിയായ എംകെ സ്‌റ്റാലിൻ ബന്ധം ഇനിയും തുടരുമെന്നാണ് അറിയിക്കുന്നത്. മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവ് ശിങ്കാരവേലർ ദ്രാവിഡർ കഴകം (ഡികെ) സ്ഥാപിച്ചപ്പോൾ പെരിയാറിനെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ കുറിച്ചുള്ള മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന കരുണാനിധിയുടെ വാക്കുകളും സ്‌റ്റാലിൻ ഓർത്തെടുത്തു.
ഒരുപക്ഷേ ദ്രാവിഡ കഴകം രൂപീകരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ താൻ കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ എത്തിയേനെ എന്ന കരുണാനിധിയുടെ വാക്കുകളാണ് സ്‌റ്റാലിൻ എടുത്തുപറഞ്ഞത്. റഷ്യൻ കമ്മ്യൂണിസ്‌റ്റ് നേതാവ് ജോസഫ് സ്‌റ്റാലിനെ കുറിച്ചുള്ള കാര്യങ്ങൾ എടുത്ത് പറഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി തന്റെ പേര് പോലും വന്നത് അങ്ങനെയാണെന്നും ചൂണ്ടിക്കാണിച്ചു.
'തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം ആശയപരമായ സൗഹൃദമാണ് ഇരു പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം. ജാതീയത, വർഗീയത, ഭൂരിപക്ഷവാദം, സ്വേച്ഛാധിപത്യം എന്നിവയ്‌ക്കെതിരെ ജനാധിപത്യ ശക്തികൾ കൈകോർക്കുക എന്നതായിരിക്കും അദ്ദേഹത്തിൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നല്ലക്കണ്ണിന് നൽകേണ്ട ഏറ്റവും നല്ല സമ്മാനം.' സ്‌റ്റാലിൻ മനസുതുറന്നു.
സിപിഐ നേതാവ് നല്ലകണ്ണിനെ പ്രശംസിച്ച സ്‌റ്റാലിൻ, ഒരു സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയിൽ പീഡനത്തിന് വിധേയനായതും ഭീഷണി നേരിടുന്നതും ഉൾപ്പെടെ അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകൾ അനുസ്‌മരിച്ചു, എന്നിട്ടും അദ്ദേഹം ഒരിക്കലും ആർക്ക് മുന്നിലും വഴങ്ങിയില്ലെന്നും സ്‌റ്റാലിൻ എടുത്തുപറയുകയുണ്ടായി.
അതേസമയം, അധികാരത്തിൽ എത്തിയതിന് ശേഷം പലപ്പോഴായി കമ്മ്യൂണിസ്‌റ്റ് ചായ്‌വുള്ള തന്റെ നിലപാടുകൾ ഉറക്കെ പ്രഖ്യാപിച്ച വ്യക്തി കൂടിയാണ് എംകെ സ്‌റ്റാലിൻ. തമിഴ്‌നാട്ടിൽ രാഷ്ട്രീയ സഖ്യത്തിന് പുറമേ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സ്‌റ്റാലിൻ.












Click it and Unblock the Notifications