മോദിക്ക് വിവരമില്ലെന്ന് ആസാം മുഖ്യമന്ത്രി
ഗുവാഹത്തി: ചായ വില്‍പനക്കാരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുമെങ്കിലും നരേന്ദ്ര മോദിക്ക് തേയില തോട്ടം തൊഴിലാളികളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്. ആസാമിലെ ലക്ഷക്കണക്കായ തോട്ടം തൊഴിലാളികളെക്കുറിച്ച് ഒന്നും അറിയില്ല. ചായയെക്കുറിച്ച് മാത്രമേ മോദി സംസാരിക്കൂ. അതുണ്ടാക്കാന്‍ കഷ്ടപ്പെടുന്നവരെക്കുറിച്ച് ഒന്നും മോദി പറയില്ല.
ഈ തൊഴിലാളികളുടെ ക്ഷേമത്തെ കുറിച്ചോ അവരുടെ ജീവിതത്തെ കുറിച്ചോ മോദി എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ. ആളുകളെക്കുറിച്ച് മോദിക്ക് ഒന്നും പറയാനില്ല. മോദി ടീ സ്റ്റാളുകളിലൂടെ ചായത്തോട്ട തൊഴിലാളികളെ ബി ജെ പി ആകര്‍ഷിച്ചു തുടങ്ങിയതാണ് കോണ്‍ഗ്രസ് നേതാവായ തരുണ്‍ ഗോഗോയിയെ ചൊടിപ്പിച്ചത്.

മുസ്ലിങ്ങള്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വോട്ടു ബാങ്കാണ് തോട്ടം തൊഴിലാളികള്‍. ആസാമിലെ ഏറ്റവും വലിയ സംഘടിത ശക്തി കൂടിയാണ് ഇവര്‍. കാലാകാലങ്ങളായി കോണ്‍ഗ്രസിന്റെ വോട്ടു ബാങ്കായാണ് ഇവരെ കണക്കാക്കിപ്പോരുന്നത്. എന്നാല്‍ അടുത്ത കാലത്തായി തോട്ടം തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ബി ജെ പിക്കും കഴിഞ്ഞിട്ടുണ്ട്.
ഗുജറാത്തിനെക്കാളും വികസനം തന്റെ സംസ്ഥാനത്തുണ്ടെന്നും എന്നാല്‍ കടത്തിന്റെ കാര്യത്തില്‍ മോദിയുടെ ഗുജറാത്ത് തന്നെയാണ് മുന്നിലെന്നും ഗോഗോയ് പറഞ്ഞു. സാമ്പത്തിക രംഗത്തും ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഗുജറാത്തിനെക്കാള്‍ നല്ല പ്രകടനമാണ് ആസാമിന്റേത്. കഴിഞ്ഞ ദിവസം ആസാമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications