തെലങ്കാന തിരഞ്ഞെടുപ്പ് ഫലം; രണ്ടക്കം തൊടുമോ?; നില മെച്ചപ്പെടുത്തി ബിജെപി
ഹൈദരാബാദ്: തെലങ്കാനയിൽ നില മെച്ചപ്പെടുത്തി ബിജെപി. 11 സീറ്റുകളിലാണ് പാർട്ടി ഇവിടെ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമായിരുന്നു ബി ജെ പി ഇവിടെ വിജയിച്ചത്.
ഓൾഡ് സിറ്റിയിൽ ഉള്ള എ ഐ എം ഐ എമ്മിന്റെ കോട്ടകളായ മൂന്ന് മണ്ഡലങ്ങളിൽ ഉൾപ്പെടെയാണ് ബി ജെ പി മുന്നേറുന്നത്. ഇവിടെ കർവാൻ, യാകുത്പുര, ബഹദൂർപുര എന്നീ മൂന്ന് സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. കർവാനിൽ അമർ സിംഗ്, യാകുത്പുരയിൽ വീരേന്ദർ ബാബു യാദവ്, ബഹദൂർപുരയിൽ നിന്നും നരേഷ് എന്നിവർക്കാണ് മുന്നേറ്റം. ഓൾഡ് സിറ്റിയിൽ 7 മണ്ഡലങ്ങളാണ് ഉള്ളത്.
2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർട്ടിയുമായി സഖ്യമുണ്ടാക്കിയായിരുന്നു ബി ജെ പി തെലങ്കാനയിൽ മത്സരിച്ചത്. അന്ന് പാർട്ടി 5 സീറ്റുകളായിരുന്നു ഇവിടെ നേടിയത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റ് നേടാൻ പാർട്ടിക്കായി. സെക്കന്തരാബാദിലായിരുന്നു വിജയം. 2018 ൽ എത്തിയപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചേക്കുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ആകെ ഒരു സീറ്റിൽ മാത്രമായിരുന്നു വിജയം.

അതേസമയം 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ബി ജെ പി കാഴ്ചവെച്ചത്. 17 ലോക്സഭ സീറ്റിൽ 4 സീറ്റുകൾ നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നു. ആകെ വോട്ടിന്റെ 19.45 ശതമാനം നേടിയെടുക്കാനും ബി ജെ പിക്കായി. ഉപ്പോഴിതാ നിയമസഭ തിരഞ്ഞെടുപ്പിലും അംഗബലം ഉയർത്തുകയാണ് പാർട്ടി. രണ്ടക്കം തികയ്ക്കാൻ ബി ജെ പിക്ക് ആയാൽ അത് ദക്ഷിണേന്ത്യയിൽ ബി ജെ പിക്ക് നൽകുന്ന ഊർജം ചെറുതല്ല. നിലവിൽ ദക്ഷിണേന്ത്യയിൽ കർണാടകത്തിൽ മാത്രമാണ് ബി ജെ പിക്ക് ഇതുവരെ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞത്.
അതിനിടെ തെലങ്കാനയിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ച് കോൺഗ്രസ് വിജയം ഉറപ്പിച്ച് കഴിഞ്ഞു. 119 സീറ്റിൽ 58 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. അതേസമയം ബിആർഎസിന് 38 സീറ്റുകളിൽ മാത്രമാണ് ലീഡ്.












Click it and Unblock the Notifications