വോട്ടെണ്ണല്‍ തീരും മുമ്പ് അമിതാവേശം; പൂക്കളുമായി എത്തിയ തെലങ്കാന പോലീസ് മേധാവി വെട്ടില്‍
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയ വേളയില്‍ തന്നെ തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രകടമായിരുന്നു. വോട്ടെണ്ണല്‍ തീരുംവരെ അതില്‍ മാറ്റമുണ്ടായില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ സംസ്ഥാന പോലീസ് മേധാവി കാണിച്ച അമിതാവേശം അദ്ദേഹത്തിന് തന്നെ കുരുക്കായി.
തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയാണ് കോണ്‍ഗ്രസിന്റെ വിജയശില്‍പ്പി. നാനാ ഭാഗത്ത് നിന്നും അദ്ദേഹത്തിന് പ്രശംസാ പ്രവാഹമാണ്. മുതിര്‍ന്ന നേതാക്കള്‍ വരെ രേവന്ത് റെഡ്ഡിയെ അഭിനന്ദിച്ച് രംഗത്തുവന്നു. ഈ വേളയിലാണ് സംസ്ഥാന പോലീസ് മേധാവി അഞ്ജനി കുമാര്‍ പൂക്കളുമായി രേവന്ത് റെഡ്ഡിയെ കാണാനെത്തിയത്.

ഡിജിപിക്കൊപ്പം സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുമുണ്ടായിരുന്നു. ഡിജിപി രേവന്ത് റെഡ്ഡിക്ക് പൂക്കള്‍ നല്‍കി ഫോട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഡിജിപി വെട്ടിലായി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് ഡിജിപി ചെയ്തതെന്ന് ആരോപണം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
വോട്ടെണ്ണല്‍ പൂര്‍ത്തിയായി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുന്ന വേളയിലാണ് ഡിജിപി പൂക്കള്‍ സമ്മാനിക്കുന്നത് എങ്കില്‍ വിവാദമാകില്ലായിരുന്നു. ഡിജിപിയെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈദരാബാദിലെ രേവന്ത് റെഡ്ഡിയുടെ വസതിയിലെത്തിയാണ് ഡിജിപി പൂക്കള്‍ സമ്മാനിച്ചതും അഭിനന്ദനം അറിയിച്ചതും.
നിലവില്‍ രേവന്ത് റെഡ്ഡി ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ഥിയും മാത്രമാണ് എന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 119 അംഗ നിയമസഭയാണ് തെലങ്കാനയിലേത്. 65 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ഭരണത്തിലെത്തിയത്. 60 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാന്‍ സാധിക്കും. ബിആര്‍എസ് 39 സീറ്റില്‍ ഒതുങ്ങി.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റ് മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസാണ് 65 സീറ്റിലേക്ക് ഉയര്‍ന്നത്. 88 സീറ്റുണ്ടായിരുന്ന ബിആര്‍എസ് 39ലേക്ക് ചുരുങ്ങി. ഒരു സീറ്റുണ്ടായിരുന്ന ബിജെപി 8 സീറ്റിലേക്ക് ഉയര്‍ന്നതും ശ്രദ്ധിക്കപ്പെട്ടു. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിക്കും ഇത്തവണ ക്ഷീണമാണ്. തോല്‍വി സമ്മതിച്ച മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു.












Click it and Unblock the Notifications