രാജ്യത്ത് കൂടുതല്‍ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രി; തെലങ്കാനയില്‍ കോണ്‍ഗ്രസ് കണക്ക് തിരുത്തുമോ?
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് സര്‍ക്കാര്‍ രൂപീകരണ ശ്രമത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി ജയിച്ചപ്പോള്‍ തെലങ്കാനയില്‍ ഭരണം കോണ്‍ഗ്രസ് പിടിച്ചു. മിസോറാമില്‍ സഡ്പിഎം അധികാരത്തിലെത്തുകയും ചെയ്തു. പുതിയ മുഖ്യമന്ത്രിമാരെ നിയോഗിക്കുന്ന ചര്‍ച്ചയിലാണ് എല്ലാ പാര്‍ട്ടികളും.
തെലങ്കാനയില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. ഉപമുഖ്യമന്ത്രിയെയും നിയോഗിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ വൈകാതെ വ്യക്തത വരുമെന്ന് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പ്രതികരിക്കുന്നു. എന്നാല്‍ ചര്‍ച്ചകള്‍ ഇവിടെയും നില്‍ക്കുന്നില്ല. മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ചര്‍ച്ചയാകുകയാണ്.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രി ഇതുവരെ തെലങ്കാനയിലായിരുന്നു. കെ ചന്ദ്രശേഖര റാവുവാണ് കൂടുതല്‍ ശമ്പളം വാങ്ങിയ മുഖ്യമന്ത്രി. 2016ല്‍ പരിഷ്‌കരിച്ച ശമ്പളം നിയമസഭ അംഗീകരിച്ചിരുന്നു. കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, നിയമസഭാ അംഗങ്ങള്‍ എന്നിവരുടെ ശമ്പളം കൂട്ടിയത് വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. എംഎല്‍എമാര്‍ക്ക് പ്രതിമാസം കിട്ടുന്ന തുക 2.5 ലക്ഷമാക്കി ഉയര്‍ത്തി.
2014ല്‍ അധികാരത്തിലെത്തിയ ശേഷം കെസിആര്‍ വാങ്ങിയിരുന്ന ശമ്പളം 2.44 ലക്ഷമായിരുന്നു. 2016ല്‍ 72 ശതമാനം വര്‍ധിപ്പിച്ച് 4.21 ലക്ഷത്തിലേക്ക് ഉയര്‍ത്തി. എല്ലാ അലവന്‍സുകളും ചേര്‍ത്താണ് ഈ തുക. ഇത്രയും ഉയര്‍ന്ന ശമ്പളം രാജ്യത്ത് മറ്റൊരു മുഖ്യമന്ത്രിയും വാങ്ങുന്നില്ല. മുഖ്യമന്ത്രിയുടെ അടിസ്ഥാന ശമ്പളം 16000ത്തില്‍ നിന്ന് 51000 ആക്കി ഉയര്‍ത്തുകയാണ് ചെയ്തത്. മണ്ഡല അലവന്‍സ് 83000ത്തില്‍ നിന്ന് 2.30 ലക്ഷമാക്കുകയും ചെയ്തു.
ചന്ദ്രശേഖര റാവു ശമ്പളം വര്‍ധിപ്പിച്ചപ്പോള്‍ വിമര്‍ശിച്ചവരാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചുമതലയേല്‍ക്കാന്‍ പോകുകയാണ്. പുതിയ മുഖ്യമന്ത്രി ഇതില്‍ മാറ്റം വരുത്തുമോ എന്ന് കണ്ടറിയണം. ശമ്പളം കുറയ്ക്കാന്‍ സാധ്യത കുറവാണ് എന്നാണ് സൂചന. കൊവിഡ് കാലത്ത് കെസിആര്‍ മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറച്ചിരുന്നു.
ശമ്പളം കുത്തനെ വര്‍ധിപ്പിച്ച വേളയില്‍ ഉയര്‍ന്ന വിമര്‍ശനം വ്യത്യസ്തമായ മറുപടി കൊണ്ടാണ് കെസിആര്‍ അന്ന് നേരിട്ടത്. പൊതുപണം കൊള്ളയടിക്കുന്നു എന്ന രീതിയില്‍ ഇതിനെ ചിത്രീകരിക്കരുതെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്ര നിര്‍മാണത്തില്‍ നിയമസഭാ അംഗങ്ങള്‍ക്ക് സജീവമായി ഇടപെടാനും അഴിമതി രഹിത ഭരണം നടത്താനും വേണ്ടിയാണിതെന്നും പ്രതികരിച്ചു.












Click it and Unblock the Notifications