തെലങ്കാനയിൽ ഗവർണറെ കണ്ട് കോൺഗ്രസ് പ്രതിനിധികൾ; സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് പിന്നാലെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം ഗവർണറെ കണ്ടു. തെലങ്കാനയിൽ മികച്ച വിജയം നേടിയതിനാൽ സർക്കാർ രൂപീകരിക്കാൻ അവർ അവകാശവാദമുന്നയിച്ചു. സംസ്ഥാന പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഢി ഉൾപ്പെടെയുള്ള സംഘം രാത്രിയോടെയാണ് ഗവർണർ തമിഴിസൈ സൗന്ദരരാജനെ കണ്ടത്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി കെസിആർ ഗവർണർക്ക് രാജിക്കത്ത് കൈമാറിയിരുന്നു. രാജിക്കത്ത് സമർപ്പിക്കാൻ കെസിആർ രാജ്ഭവനിൽ എത്തുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാനത്ത് ഭരണം നിലനിർത്തില്ലെന്ന് ഉറപ്പായതിന് പിന്നാലെ രാജിക്കത്ത് മറ്റൊരു ഉദ്യോഗസ്ഥൻ വശം കൈമാറുകയായിരുന്നു.

മുഖ്യമന്ത്രിയുടെ രാജി ഗവർണർ സ്വീകരിച്ചു. ഇതിന് പിന്നാലെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ടത്. സർക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബർ ഒൻപതിന് നടക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം, സംസ്ഥാനത്ത് ചരിത്ര വിജയം നേടിയാണ് കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്നത്. 2014ൽ രൂപീകരിക്കപ്പെട്ട സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് ഭരണത്തിലേറുന്നത്. കഴിഞ്ഞ രണ്ട് തവണയും കെ ചന്ദ്രശേഖർ റാവുവായിരുന്നു സംസ്ഥാനത്തിന്റെ ഭരണം കൈയ്യാളിയിരുന്നത്.
ആകെ 119 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. അതിൽ 64 സീറ്റുകളാണ് കോൺഗ്രസ് സ്വന്തമാക്കിയത്. ബിആർഎസിന് ലഭിച്ചതാവട്ടെ 39 സീറ്റുകളും. ബിജെപി മുൻ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്‌തമായി എട്ട് സീറ്റുകളിൽ മുന്നേറ്റം നടത്തി കരുത്ത് തെളിയിച്ചു. ഒപ്പം കെസിആറും, കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഢിയും മത്സരിച്ച കാമറെഡ്ഢി മണ്ഡലത്തിൽ ജയം നേടി ബിജെപി സ്ഥാനാർഥി ഞെട്ടിക്കുകയും ചെയ്‌തു.

ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതൊരു നിർണായക ഫലം തന്നെയാണ്. തെലങ്കാന തിരഞ്ഞെടുപ്പ് അവരുടെ 'മിഷൻ സൗത്ത്' പദ്ധതിയുടെ ആദ്യ ചുവടുവെപ്പായിരുന്നു. അടുത്ത വർഷത്തെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യയിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള അവസരങ്ങളിൽ ഒന്ന്. നിലവിൽ, രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനമില്ല, പരമ്പരാഗതമായി അവിടം പിടിച്ചെടുക്കുക പാർട്ടിക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്.
അതിനായാണ് അവർ ഇക്കുറി പ്രധാനമന്ത്രിയെയും, ആഭ്യന്തര മന്ത്രി അമിത് ഷായെയും ഒക്കെ രംഗത്തിറക്കി വൻ പ്രചാരണം നടത്തിയത്. എന്നാൽ പ്രതീക്ഷിച്ച ഫലം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും ബിജെപിക്ക് നേട്ടമുണ്ടായി എന്നതാണ് വാസ്‌തവം.












Click it and Unblock the Notifications