കശ്മീരികളെ പീഡിപ്പിക്കരുതെന്ന് മെഹ്ബൂബ, കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ നിന്നുള്ളവരെ മറ്റു സംസ്ഥാനങ്ങളില്‍ പീഡിപ്പിക്കരുതെന്ന് പിഡിപി അധ്യക്ഷയും മുന്‍മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. സൈനികര്‍ക്കെതിരെ നടന്ന ആക്രമണത്തിന് പകരമായി കശ്മീരികളെ പീഡിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.

ആരെങ്കിലും ചെയ്ത തെറ്റിന് കശ്മീരികളെ ഇരകളാക്കരുത്. കശ്മീരില്‍ നിന്നുള്ളവരെ വിട്ടുനിര്‍ത്തുന്നതിന് പകരം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും മെഹ്ബൂബ ട്വിറ്ററില്‍ കുറിച്ചു.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ പലയിടത്തും ആക്രമണം നടക്കുന്നുണ്ട്. ജമ്മുവില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് മെഹ്ബൂബയുടെ പ്രതികരണം.
കശ്മീരി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഉത്തരാഖണ്ഡ തലസ്ഥാനമായ ഡെറാഡൂണിലെ കശ്മീരി വിദ്യാര്‍ഥികളുടെ സുരക്ഷ പോലീസ് ഉറപ്പാക്കണമെന്ന് കശ്മീര്‍ പോലീസ് മേധാവി ആവശ്യപ്പെട്ടു. കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ഡെറാഡൂണില്‍ ആക്രമിക്കുകയും വാടക വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കശ്മീര്‍ പോലീസിന്റെ ഇടപെടല്‍.
വ്യാഴാഴ്ച വൈകീട്ടാണ് കശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. കാറില്‍ സ്‌ഫോടക വസ്തുക്കളുമായെത്തിയ യുവാവ് പൊട്ടിത്തെറിക്കുകയായിരുന്നു. 40 സൈനികര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications