തീവ്രവാദ ഫണ്ടിംഗ് കേസ്; വിഘടനവാദി നേതാവ് യാസിൻ മാലികിന് ഇരട്ട ജീവപര്യന്തം
ദില്ലി; തീവ്രവാദ ഫണ്ടിംഗ് കേസിൽ വിഘടനവാദി നേതാവ് യാസിൻ മാലികിന് ജീവപര്യന്തം ശിക്ഷ വിധിച്ച് എൻ ഐ എ കോടതി. ഡൽഹി പാട്യാല ഹൗസ് കോടതിയുടേതാണ് വിധി. 7 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 10 ലക്ഷം രൂപ പിഴയും വിധിച്ചു. വിധി പറയുന്നതിന് മുൻപ് കോടതി വളപ്പിൽ വൻ സുരക്ഷ ഒരുക്കിയിരുന്നു.
ഇരട്ട ജീവപര്യന്തവും 10 വർഷം കഠിന തടവുമാണ് വിധിച്ചിരിക്കുന്നത്.ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്നായിരുന്നു എൻ ഐ എ ആവശ്യപ്പെട്ടത്. എന്നാൽ ആയുധം ഉപേക്ഷിച്ച ശേഷം താന്‍ ജീവിക്കുന്നത് ഗാന്ധിയന്‍ മാര്‍ഗങ്ങള്‍ അനുസരിച്ചും അഹിംസ പിന്തുടര്‍ന്നാണെന്നുമായിരുന്നു ഇന്ന് യോസിൻ കോടതിയിൽ പറഞ്ഞത്. തനിക്കെതിരായ കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്നും യാസിൻ പറഞ്ഞു. വിധിക്കെതിരെ യാസിൻ മാലിക്കിന് ഹൈക്കോടതിയിൽ അപ്പീൽ നൽകാം.
ജമ്മു കശ്മീരിൽ തീവ്രവാദവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് ലോകമെമ്പാടും വിപുലമായ സംവിധാനം മാലിക് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു കോടതി പറഞ്ഞത്. കേസിൽ യാസിൻ മാലിക്ക് കുറ്റക്കാരനാണെന്നു മെയ് 19ന് എൻ ഐ എ കോടതി വിധിച്ചിരുന്നു. പിഴ തുക നിർണ്ണയിക്കാൻ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ എൻഐഎക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു.
കശ്മീർ താഴ്‌വരയിൽ 2017ൽ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെ കെ എൽ എഫ്) നേതാവായ യാസിൻ മാലിക്കിനെ പ്രതി ചേർത്തത്. 2019 ലാണ് കേസിൽ മാലിക്കിനെ അറസ്റ്റ് ചെയ്തത്. അതേസമയം തീവ്രവാദം ഉൾപ്പെടെ തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ കോടതിയിൽ എതിർക്കുന്നില്ലെന്ന് നേരത്തേ യാസിൻ മാലിക് കോടതിയിൽ വ്യക്തമാക്കിയിരുന്നു.
കശ്മീർ വിഘടനവാദി നേതാക്കൾ ആയ ഫാറൂഖ് അഹമ്മദ് ദാർ അലിയാസ് ബിട്ട കരാട്ടെ, ഷബ്ബിർ ഷാ, മസരത്ത് ആലം, എം ഡി യൂസഫ് ഷാ, അഫ്താബ് അഹമ്മദ് ഷാ, അൽത്താഫ് അഹമ്മദ് ഷാ, നയീം ഖാൻ, എംഡി അക്ബർ ഖണ്ഡേ, രാജ മെഹ്‌റാജുദ്ദീൻ കൽവാൽ ,ബഷീർ അഹമ്മദ് ഭട്ട്, സഹൂർ അഹമ്മദ് ഷാ വതാലി, ഷബീർ അഹമ്മദ് ഷാ, അബ്ദുൾ റാഷിദ് ഷെയ്ഖ്, നവൽ കിഷോർ കപൂർ എന്നിവർക്കെതിരെ നേരത്തേ കോടതി കുറ്റം ചുമത്തിയിരുന്നു. ലഷ്‌കറെ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ എന്നിവർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിരുന്നു.