ജമ്മു കശ്‌മീരിൽ തീർത്ഥാടകരുടെ ബസിന് നേരെ വെടിയുർതിർത്ത് ഭീകരർ; ഒൻപത് പേർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കാശ്‌മീരിൽ തീർത്ഥാടകരുമായി പോയ ബസിന് നേരെ നടന്ന ഭീകരക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ജമ്മു കശ്‌മീരിലെ റിയാസിയിൽ തീർത്ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ബസ് അടുത്തുള്ള കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.
അപകടത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടതിന് പുറമെ 33 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ശിവ് ഖോരി ഗുഹാക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസാണ് ആക്രമണത്തിന് ഇരയായത്. ഭീകരർ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ ഡ്രൈവറുടെ നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

'പാസഞ്ചർ ബസിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ 33 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പൂർത്തിയായി. യാത്രക്കാരുടെ പേരുവിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രദേശവാസികൾ അല്ല' റിയാസി സീനിയർ പോലീസ് സൂപ്രണ്ട് മോഹിത ശർമ്മ പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ മലഞ്ചെരുവിൽ ചിതറിക്കിടക്കുന്ന ചില മൃതദേഹങ്ങളും തകർന്ന ബസും കാണാമായിരുന്നു. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാനായി നാട്ടുകാരും ഒപ്പം ആംബുലൻസുകൾ നിരനിരയായി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
സൈന്യവും അർദ്ധസൈനിക വിഭാഗവും സ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു. ഈ സംഭവം മേഖലയിൽ അക്രമം ഗണ്യമായി വർധിക്കുന്നതിനെയാണ് അടയാളപ്പെടുത്തുന്നത്. അയൽ പ്രദേശങ്ങളായ രജൗരി, പൂഞ്ച് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ റിയാസി ജില്ലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ താരതമ്യേന കുറവായിരുന്നു.












Click it and Unblock the Notifications