യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കുമെന്ന് പിതാവ്
ബെംഗളൂരു: റഷ്യ - യുക്രൈന്‍ യുദ്ധത്തിനിടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം അന്തിമകര്‍മങ്ങള്‍ക്ക് ശേഷം മെഡിക്കല്‍ കോളജിന് കൈമാറും. പിതാവ് ശേഖരപ്പ ജ്ഞാനഗൗഡയാണ് ഇക്കാര്യം അറിയിച്ചത്. ദാവന്‍ഗരെയിലെ എസ് എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനാണ് മൃതദേഹം കൈമാറുക എന്നാണ് റിപ്പോര്‍ട്ട്. നവീന്‍ ശേഖരപ്പയുടെ ഭൗതിക ശരീരം തിങ്കളാഴ്ച ബെംഗൂരുവില്‍ എത്തിക്കുമെന്നാണ് കുടുംബത്തെ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മെഡിക്കല്‍ രംഗത്ത് എന്തെങ്കിലുമൊക്കെ നേടണമെന്നാഗ്രഹിച്ച തന്റെ മകന് അതിന് സാധിച്ചില്ലെന്നും അതിനാലാണ് മകന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി നല്‍കാന്‍ തീരുമാനിച്ചതെന്നും പിതാവ് പറഞ്ഞു. മകന്റെ ശരീരം തിരികെ നാട്ടിലെത്തിച്ചു തന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തുടങ്ങി ദിവസങ്ങള്‍ക്കകമാണ് നവീന്‍ കൊല്ലപ്പെട്ടത്. അവസാനമായി തന്റെ മകന്റെ മുഖം കാണാന്‍ കഴിയുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ക്ക് നന്ദി പറയുന്നുവെന്നും ശേഖരപ്പ അറിയിച്ചു.

ഭൗതിക ശരീരം വീട്ടിലെത്തിച്ച് പൂജകള്‍ ചെയ്ത ശേഷമായിരിക്കും മെഡിക്കല്‍ കോളജിന് കൈമാറുക. തിങ്കളാഴ്ച 11 മണിയോടെ ഭൗതിക ശരീരം ചാലഗേരിയില്‍ എത്തിക്കും. യുക്രെയ്നിലെ നടപടി ക്രമങ്ങള്‍ക്ക്‌ശേഷം മൃതദേഹം പോളണ്ടിലെ വാഴ്സയിലെത്തിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്ന് നവീന്റെ സഹോദരന്‍ ഹര്‍ഷ അറിയിച്ചു. മാര്‍ച്ച് 21ന് പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തില്‍ കെംപഗൗഡെ വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുന്നത്.
അന്ത്യകര്‍മങ്ങള്‍ക്കായി മകന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് നവീന്റെ പിതാവ് ശേഖരപ്പ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ യുക്രെയ്ന്‍ അധികൃതരുമായി ചര്‍ച്ച നടത്തി മതൃദേഹം കൊണ്ടുവരാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്. ഹര്‍കീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് നവീന്‍ ശേഖരപ്പയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21 കാരനായ നവീന്‍.
യുക്രെയ്നിലെ ഹര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയായിരുന്നു. ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു റഷ്യയുടെ ഷെല്ലാക്രമണത്തില്‍ നവീന്‍ കൊല്ലപ്പെട്ടത്. നവീന്റെ മരണത്തിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി നവീന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും കുടംബാംഗങ്ങളില്‍ ഒരാള്‍ക്ക് ജോലിയും വാഗ്ദാനം നല്‍കിയിരുന്നു.












Click it and Unblock the Notifications