പ്രതിപക്ഷസഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ; കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് റായ്പൂരിൽ തുടക്കം
6 പ്രമേയങ്ങളിൽ വിശദമായ ചർച്ച നടക്കും. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിറിന്റെ തുടർച്ചയാകും ചർച്ചകൾ.

റായ്പൂർ: 85ാ മത് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് റായ്പ്പൂരിൽ തുടക്കമാകും. 15000ത്തിലേറെ പ്രതിനിധികളാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറിയിൽ പങ്കെടുക്കുക.
പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമോ എന്നതിൽ അന്തിമ തീരുമാനം സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന പ്ലീനറിയിൽ പ്രതിപക്ഷ സഖ്യ രൂപീകരണം ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ ചർച്ചയാകും. കൂടുതൽ യുവ നേതാക്കളെ ദേശീയ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും തീരുമാനം ഉണ്ടാവാൻ സാധ്യത.
6 പ്രമേയങ്ങളിൽ വിശദമായ ചർച്ച നടക്കും. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിറിന്റെ തുടർച്ചയാകും ചർച്ചകൾ. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമോ എന്നതിൽ അന്തിമ തീരുമാനം രാവിലെ ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉണ്ടാകും. ഒരുവിഭാഗം മുതിർന്ന നേതാക്കൾ പിന്തുണക്കുമ്പോഴും ഭൂരിഭാഗം നേതാക്കൾക്കും തിരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടാണ്. പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും എന്ന് തെരഞ്ഞെടുപ്പിനെ എതിർക്കുന്നവർ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും റായ്പൂരിലെ പ്ലീനറി രൂപം നൽകും.
25 അംഗ സ്റ്റിയറിങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. കേന്ദ്ര സർക്കാരിന് എതിരെയുള്ള പോരാട്ടം കൂടുതൽ കടുപ്പിക്കാൻ പ്ലീനം തീരുമാനിച്ചേക്കും. പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടക്കും. ഏതൊക്കെ പാർട്ടികളെ പ്രതിപക്ഷ ഐക്യ നിരയിൽ ഉൾപ്പെടുത്തണം എന്നതാണ് പ്രധാന ചർച്ച.
ന്യൂ റായ്പൂരിലെ മേള മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിക്കും മൂന്ന് ദിനം നീളുന്ന പ്ലീനറി സമ്മേളനം നടക്കുക. പ്ലീനറിയിൽ പങ്കെടുക്കുന്ന ഭൂരിഭാഗം നേതാക്കളും ഇന്നലെ റായ്പൂരിലെത്തി. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിലുളള കേരള സംഘവും റായ്പൂരിൽ എത്തി.
യുവാക്കൾക്കും വനിതകൾക്കും ദളിത് വിഭാഗത്തിനും സംഘടനാ തലത്തിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന നിലപാടാണ് രാഹുൽ ഗാന്ധി മുന്നോട്ട് വെയ്ക്കുന്നത്.. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കി പ്രചാരണം ഊർജിതമാക്കാനാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കുക എന്നതും പാർട്ടിക്ക് മുന്നിലുള്ള ലക്ഷ്യമാണ്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹത്തെ സമ്മേളന നഗരിയിൽ വിന്യസിച്ചിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 2000ത്തോളം പൊലീസുകാരാണ് മൂന്നുദിവസം പ്ലീനത്തിന് സുരക്ഷ ഒരുക്കുക.












Click it and Unblock the Notifications