Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിൽ കാത്തിരിക്കുന്നത് ട്വിസ്‌റ്റോ? ഇങ്ങനെ സംഭവിച്ചാൽ ഏഴോളം പ്രതിപക്ഷ എംപിമാർക്ക് സ്ഥാനം നഷ്‌ടമാവും

ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ അധികാരമേറ്റെങ്കിലും അതിന് പഴയ ശോഭയില്ലെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നത് ഇത്തവണത്തെ കണക്കുകൾ ഉയർത്തികാട്ടിയാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി പ്രതിപക്ഷം ഒന്നിച്ചു നിന്ന് നേട്ടമുണ്ടാക്കിയ ഇക്കുറി [പലയിടത്തും ബിജെപിയുടെ കോട്ടകളിൽ വിള്ളൽ വീണിരുന്നു.

അതിൽ അവർക്ക് അപ്രതീക്ഷിച്ച തിരിച്ചടി ഉണ്ടായ ഇടമാണ് ഉത്തർപ്രദേശ്. സാക്ഷാൽ നരേന്ദ്ര മോദിയും സ്‌റ്റാർ ക്യാമ്പയിനറും ഹിന്ദുത്വയുടെ മുഖവുമായ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒരുമിച്ച് നിന്നിട്ടും യുപിയിൽ ബിജെപിക്ക് കാലിടറി. അവിടെ അഖിലേഷ് യാദവിന്റെ ബലത്തിൽ പ്രതിപക്ഷം വൻ നേട്ടമുണ്ടാക്കി.

upelectionresults

എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന് കേവലം ഒരാഴ്‌ച പിന്നിടുമ്പഴേക്കും യുപിയിൽ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്ന ആശങ്ക പടർന്നുപിടിക്കുകയാണ്. കുതികാൽവെട്ടും കൂറുമാറലും പുത്തരിയല്ലാത്ത ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പക്ഷേ അഖിലേഷ് യാദവിനെയും രാഹുൽ ഗാന്ധിയേയും ഒക്കെ ചിന്തിപ്പിക്കുന്ന ഘടകം മറ്റൊന്നാണ്.

യുപിയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ എംപിമാരിൽ ഏഴോളം പേരാണ് ക്രിമിനൽ കേസുകൾ നേരിടുന്നത്. അവർക്ക് എതിരായ കുറ്റങ്ങളാവട്ടെ രണ്ട് വർഷത്തിൽ അധികം കാലയളവിൽ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ളതും. അതായത് ഇന്ത്യൻ ഭരണഘടന പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് എതിരായ കുറ്റത്തിൽ വിധിക്കുന്ന ശിക്ഷ രണ്ട് വർഷത്തിൽ കൂടുതൽ കാലയളവിലുള്ള തടവാണെങ്കിൽ അയാൾ അയോഗ്യനാവും.

ഈ വകുപ്പ് തന്നെയാണ് പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നത്. അങ്ങനെ സംഭവിച്ചാൽ നിലവിൽ യുപിയിൽ പ്രതിപക്ഷം ഉണ്ടാക്കിയെടുത്ത നേട്ടത്തിന് കാര്യമായ കോട്ടം സംഭവിക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ നിരയിലെ കരുത്തരായ മത്സരാർത്ഥികൾ വരെ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് മറ്റൊരു പ്രധാന കാര്യം.

ഗാസിപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച അഫ്‌സൽ അൻസാരി ഇതിനകം ഗുണ്ടാ ആക്‌ട് കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇയാളുടെ ശിക്ഷ കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു, ഇതോടെയാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഈ കേസ് വീണ്ടും ജൂലൈയിൽ പരിഗണിക്കും. കോടതി ശിക്ഷ ശരിവെച്ചാൽ അൻസാരിയുടെ പാർലമെന്റ് അംഗത്വം നഷ്‌ടമാവും.

അസംഗഢ് സീറ്റിൽ വിജയിച്ച ധർമേന്ദ്ര യാദവിന്റെ പേരിലും നാല് കേസുകൾ നിലവിലുണ്ട്, രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടാൽ അദ്ദേഹത്തിന്റെ അംഗത്വവും നഷ്‌ടപ്പെട്ടേക്കാം. ജൗൻപൂർ സീറ്റിൽ വിജയിച്ച ബാബു സിംഗ് കുശ്വാഹ എൻആർഎച്ച്എം അഴിമതിയുമായി ബന്ധപ്പെട്ട് കേസുകൾ നേരിടുന്നു. ഇയാൾക്കെതിരെ ചുമത്തിയ 25 കേസുകളിൽ എട്ടെണ്ണത്തിലും കുറ്റം ചുമത്തിയിട്ടുണ്ട്.

കൂടാതെ സുൽത്താൻപൂർ മണ്ഡലത്തിൽ ബിജെപിയുടെ മനേക ഗാന്ധിയെ തോൽപ്പിച്ച് വിജയിച്ച രാംഭുവൽ നിഷാദിനെതിരെ ഗുണ്ടാനിയമ പ്രകാരം ഉൾപ്പെടെ എട്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അദ്ദേഹവും ശിക്ഷിക്കപ്പെട്ടത് അംഗത്വം നഷ്‌ടപ്പെടുമെന്ന ഭീഷണി നേരിടുന്ന വ്യക്തികളിൽ ഉൾപ്പെടുന്നു.

ചന്ദൗലി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മുൻ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയെ പരാജയപ്പെടുത്തിയ വീരേന്ദ്ര സിംഗാണ് ക്രിമിനൽ കേസുകൾ നേരിടുന്ന മറ്റൊരു എംപി. സഹറൻപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച കോൺഗ്രസിന്റെ ഇമ്രാൻ മസൂദിനെതിരെ എട്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. ഇഡിയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളും ഇതിൽ ഉൾപ്പെടുന്നു.

നാഗിന സംവരണ സീറ്റിൽ വിജയിച്ച ആസാദ് സമാജ് പാർട്ടിയുടെ സ്ഥാനാർഥി ചന്ദ്രശേഖർ ആസാദിനെതിരെ 30 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌ എന്നാണ് റിപ്പോർട്ട്. അദ്ദേഹവും രണ്ട് വർഷത്തിൽ അധികം ശിക്ഷിക്കപ്പെട്ടാൽ എംപി സ്ഥാനം നഷ്‌ടമാവുമെന്ന ഭീഷണി നേരിടുന്നുണ്ട്. നേരത്തെ ഇത്തരത്തിൽ കോടതി വിധികളിലൂടെ എംപി സ്ഥാനം നഷ്‌ടമായ ഒട്ടേറെ നേതാക്കൾ നമുക്ക് മുൻപിലുണ്ട്. ഇത് തന്നെയാണ് പ്രതിപക്ഷത്തെ ആശങ്കപ്പെടുത്തുന്ന ഘടകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+