കാവേരി പ്രശ്നം:കത്തിച്ചത് 42 ബസുകള്‍, 22 കാരിയ്ക്ക് ലഭിച്ചത് ബിരിയാണി!!!
ബെംഗളൂരു: കാവേരി നദീജല വിഷയത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ബംഗളൂരുവില്‍ 42 ബസുകള്‍ കത്തിച്ച യുവതിയ്ക്ക് ലഭിച്ചത് നൂറുരൂപയും ബിരിയാണിയുമെന്ന് വെളിപ്പെടുത്തല്‍. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 42 ബസുകളാണ് കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്കിടെ കത്തിച്ചത്.
അക്രമാസക്തരായ ജനക്കൂട്ടം കെപിഎന്‍ ഗാരേജിനുള്ളിലേയ്ക്ക് കയറി നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ അഗ്നിക്കിരയാക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ സേലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാവല്‍സ് കമ്പനിയാണ് കെപിഎന്‍.

സെപ്തംബര്‍ 12ന് ബംഗളൂരു നഗരത്തിലുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് അറസ്റ്റിലായ 11 പേരില്‍ ഉള്‍പ്പെട്ട ഭാഗ്യയാണ് കെപിഎന്നിന്റെ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ കത്തിയ്ക്കാന്‍ ജനക്കൂട്ടത്തിന് ആഹ്വാനം നല്‍കിയത്.

കെപിഎന്‍ ഗാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ കത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളുമാണ് യുവതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. അക്രമാസക്തരായ ജനക്കൂട്ടത്തോട് ബസുകള്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്തതിന് പുറമേ പെട്രോളും ഡീസലും എത്തിച്ചുകൊടുക്കുന്ന യുവതിയുടെ ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് ലഭിച്ചു.

നൂറ് രൂപയും ഒരു മട്ടന്‍ ബിരിയാണിയും നല്‍കാമെന്ന വാഗ്ദാനത്തിലാണ് യുവതി ബസുകള്‍ കത്തിയ്ക്കാന്‍ തയ്യാറായതെന്നാണ് അറസ്റ്റിലായ ഭാഗ്യയുടെ അമ്മ യെല്ലമ്മയുടെ വെളിപ്പെടുത്തല്‍. സുഹൃത്തുക്കളും പ്രതിഷേധത്തില്‍ പങ്കുചേരുകയായിരുന്നു.

ഗിരിനഗറിലെ കെപിഎന്‍ ഗാരേജിന് സമീപത്ത് താമസിക്കുന്ന ഭാഗ്യ കൂലിപ്പണിക്കാരിയാണ്. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ഭാഗ്യയെത്തേടി വീട്ടിലെത്തിയവരാണ് പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെട്ട് പ്രതിഫലം നിശ്ചയിച്ചത്.

സെപ്തംബര്‍ 12ന് ബംഗളൂരു നഗരത്തിലുണ്ടായ അക്രമസംഭവങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെട്ട ഏക വനിതയാണ് ഭാഗ്യ. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ മറ്റൊരു യുവതിയും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അക്രമങ്ങളില്‍ ഇവരുടെ പങ്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ബംഗളൂരു നഗരത്തില്‍ സെപ്തംബര്‍ 12നുണ്ടായ അക്രമസംഭവങ്ങളെത്തുടര്‍ന്ന് അറസ്റ്റിലായ ഏഴ് ചെറുപ്പക്കാരില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളാണ് ഭാഗ്യയുടെ അറസ്റ്റില്‍ കലാശിച്ചത്. അജ്ഞാതയായ ഒരു യുവതി പറഞ്ഞതുപ്രകാരമായിരുന്നു ബസുകള്‍ക്ക് തീയിട്ടതെന്നായിരുന്നു യുവാക്കളുടെ വെളിപ്പെടുത്തല്‍. ഇത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications