'ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദീനിലും 'ഇന്ത്യ' ഉണ്ട്'; പ്രതിപക്ഷ സഖ്യത്തെ പരിഹസിച്ച് മോദി
ഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ലക്ഷ്യബോധമില്ലാത്തൊരു പ്രതിപക്ഷ സഖ്യത്തെ താൻ കണ്ടിട്ടില്ലെന്ന് മോദി കുറ്റപ്പെടുത്തി. അവരുടെ പ്രവൃത്തിയിൽ നിന്ന് മനസിലാകുന്നത് അവർ പ്രതിപക്ഷത്ത് തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണെന്നും മോദി പരിഹസിച്ചു. ബിജെപി പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'ഇന്ത്യ എന്ന പേര് ഉപയോഗിച്ചത് കൊണ്ട് കാര്യമില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദീനിലുമെല്ലാം ഇന്ത്യയുണ്ട്. പ്രതിപക്ഷം ചിതറിക്കിടക്കുകയാണ്. അവർ വലിയ ആശങ്കയിലാണ്. പ്രതീക്ഷയറ്റ അവർക്ക് മോദിയെ ഏത് വിധത്തിലും എതിർക്കണമെന്ന ചിന്ത മാത്രമാണ് ഉള്ളത്. ഇതുപോലെ ലക്ഷ്യബോധമില്ലാത്തൊരു പ്രതിപക്ഷത്തെ താൻ കണ്ടിട്ടില്ല. അവരുടെ പ്രവൃത്തിയിൽ നിന്ന് മനസിലാകുന്നത് അവർ പ്രതിപക്ഷത്ത് തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് ', മണിപ്പൂർ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ പരാമർശിച്ച് കൊണ്ട് മോദി പറഞ്ഞു.

അതേസമയം മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വലിയ പ്രതിഷേധമാണ് പാർലമെന്റിൽ പ്രതിപക്ഷം തീർക്കുന്നത്. 'മണിപ്പൂർ വിഷയത്തിൽ തുറന്ന ചർച്ച നടത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുമ്പോൾ അദ്ദേഹം ഈസ്റ്റ് ഇന്ത്യ കമ്പനിയെ കുറിച്ച് സംസാരിക്കുകയാണ്' എന്ന് രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. മോദി മറുപടി പറയാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാരിനതെിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് 'ഇന്ത്യ'.
ചൊവ്വാഴ്ച രാവിലെ ഇത് സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ ചർച്ച നടത്തിയെന്ന് വിവിധ പാർട്ടി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ നാളെ പ്രതിപക്ഷ മുന്നണി നേതാക്കളുമായി ചർച്ച നടത്തും. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെ കൊണ്ട് സംസാരിപ്പിക്കാനുള്ള ഏറ്റവും ഉചിതമായ മാർഗമാണ് അവിശ്വാസ പ്രമേയം എന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ വിലയിരുത്തൽ.
സംഘർഷം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും വിഷയത്തിൽ പ്രതികരിക്കാനോ സർവ്വകക്ഷി യോഗം വിളിച്ച് ചേർക്കാനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു മോദി ആദ്യമായി മണിപ്പൂർ വിഷയത്തിൽ സംസാരിച്ചത്. തന്റെ മനസ് വേദന കൊണ്ട് നിറയുകയാണെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നുമായിരുന്നു മോദി പറഞ്ഞത്.












Click it and Unblock the Notifications