'സ്വന്തം മന്ത്രിമാർ പറയുന്നതല്ല, വിദേശികളെയാണ് അവർക്ക് വിശ്വാസം';പ്രതിപക്ഷത്തിനെതിരെ പൊട്ടിത്തെറിച്ച് അമിത് ഷാ
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ പ്രസംഗം ആവർത്തിച്ച് തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ സ്വന്തം മന്ത്രിമാരെ വിശ്വാസമില്ലാത്തവരാണ് പ്രതിപക്ഷമെന്ന് അദ്ദേഹം ലോക്സഭയിൽ കുറ്റപ്പെടുത്തി.
രണ്ട് തവണയാണ് മന്ത്രി ജയശങ്കറിന്റെ പ്രസംഗത്തിനിടെ അമിത് ഷാ ഇടപെട്ട് സംസാരിച്ചത്. 'സ്വന്തം മന്ത്രിമാരെയല്ല, വിദേശക്തികൾ പറയുന്നതാണ് പ്രതിപക്ഷത്തിന് വിശ്വാസം. അവരുടെ പാർട്ടിയിൽ വിദേശികൾക്കുള്ള പ്രധാന്യം എന്താണെന്ന് എനിക്ക് അറിയാം. എന്നാൽ അതെല്ലാം ഇവിടെ പാർലമെന്റിൽ അടിച്ചേൽപ്പിക്കണം എന്ന് അതിനർത്ഥമില്ല. അതുകൊണ്ട് കൂടിയാണ് അവർ പ്രതിപക്ഷത്ത് ഇരിക്കുന്നത്. അടുത്ത 20 വർഷവും അവർ പ്രതിപക്ഷത്ത് തന്നെ തുടരും', ഷാ പറഞ്ഞു.

ഇത് പറഞ്ഞതിന് ശേഷം വീണ്ടും പ്രതിപക്ഷം ജയശങ്കറിന്റെ പ്രസംഗത്തിനിടെ പ്രതിഷേധം ഉയർത്തി. ഇതോടെ അമിത് ഷാ പൊട്ടിത്തെറിച്ചു. ' അവരുടെ നേതാക്കൾ സംസാരിക്കുമ്പോൾ ക്ഷമയോടെ ഞങ്ങൾ കേട്ടു, അവർ എന്തൊക്കെ നുണകളാണ് പറഞ്ഞതെന്ന് ഞാൻ നാളെ അക്കമിട്ട് പറയാം. ഇപ്പോൾ അവർക്ക് സത്യം പറയുന്നത് കൈകാര്യം ചെയ്യാൻ സാധിച്ചെന്ന് വരില്ല. ഓപ്പറേഷൻ സിന്ദൂർ പോലൊരു വിഷയത്തിൽ പ്രധാനപ്പെട്ട ചർച്ച നടക്കുന്ന സമയത്ത് ഇത്തരത്തിൽ പ്രതിപക്ഷം ഇടപെടുന്നത് ശരിയായ കാര്യമാണോ? ഇപ്പോൾ സ്പീക്കർ ഇടപെട്ട് അവരെ അടക്കിയില്ലെങ്കിൽ ഞങ്ങളുടെ അംഗങ്ങളെ പിന്നീട് അടക്കാൻ സാധിച്ചെന്ന് വരില്ല', അമിത് ഷാ പറഞ്ഞു.
ട്രംപുമായി പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല; എസ് ജയശങ്കർ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് അമേരിക്കയുമായുള്ള വ്യാപാരബന്ധം കാരണമായെന്ന വാദത്തെ തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഏപ്രിൽ 22 മുതൽ ജൂൺ 17 വരെ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചയിൽ ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രണ്ട് കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട്. ഒന്ന് യുഎസുമായി നടത്തിയ ഒരു ചർച്ചയിലും വ്യാപാരവും നിലവിലെ സാഹചര്യവും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. ആ കാലയളവിൽ പ്രധാനമന്ത്രിയും ട്രംപും തമ്മിൽ യാതൊരു സംഭാഷണവും നടത്തിയിട്ടില്ല', ജയശങ്കർ പറഞ്ഞു. പഹൽഗാം ആക്രമണത്തിൽ അനുശോചനം അറിയിക്കാനും കൂടിക്കാഴ്ച സംബന്ധിച്ചുള്ള ചില തടസങ്ങൾ വിശദീകരിക്കാനും മാത്രമാണ് ഇരുനേതാക്കളും തമ്മിൽ സംസാരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications