ഈ വീടിന്റെ നാല് മുറികൾ മഹാരാഷ്ട്രയിൽ, മറ്റ് നാല് മുറികളും അടുക്കളയും അങ്ങ് തെലങ്കാനയിൽ, വിചിത്രം
പൂനെ: ഈ വീടിന്റെ ഒരു മുറിയില്‍ നിന്നും മറ്റൊന്നിലേക്ക് പോകുമ്പോഴേക്കും സംസ്ഥാനം തന്നെ മാറും.. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ട് അല്ലേ. ഉത്തം പവാറിന്റെ കുടുംബത്തിന്റെ വീട് അങ്ങനെയാണ്. രണ്ട് സംസ്ഥാനങ്ങളിലാണ് വീടിന്റെ ഓരോ ഭാഗവും. ചന്ദ്രപൂര്‍ ജില്ലയിലെ മഹാരാജഗുഡയിലാണ് ഈ വീടുളളത്. വീടിന്റെ ഒരു ഭാഗം മഹാരാഷ്ട്രയിലാണ് എങ്കില്‍ മറുഭാഗം തെലങ്കാനയിലാണ്.
അതിര്‍ത്തിയിലെ 14 ഗ്രാമങ്ങളുടെ അവകാശത്തിന്റെ പേരില്‍ മഹാരാഷ്ട്രയും തെലങ്കാനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് ഉത്തം പവാറിന്റെ വീട് അതിര്‍ത്തിയില്‍ നില്‍ക്കുന്നത്. 13 പേരാണ് ഈ വീട്ടില്‍ വര്‍ഷങ്ങളായി താമസിക്കുന്നത്. വീട്ടിലെ നാല് മുറികള്‍ മഹാരാഷ്ട്രയിലാണെങ്കില്‍ നാല് മുറികള്‍ തെലങ്കാനയിലാണ്. സഹോദരന്റെ നാല് മുറികള്‍ തെലങ്കാനയിലും തന്റെ നാല് മുറികള്‍ മഹാരാഷ്ട്രയിലുമാണ്. തന്റെ അടുക്കള പക്ഷേ തെലങ്കാനയിലാണ്, വീടിന്റെ ഉടമയായ ഉത്തം പവാര്‍ പറയുന്നു.

സംഭവം വിചിത്രമാണെങ്കിലും ഉത്തം പവാറിനും കുടുംബത്തിനും ഇത് കൊണ്ട് ഗുണങ്ങളും ഏറെ ഉണ്ട്. രണ്ട് സംസ്ഥാനങ്ങളുടേയും ക്ഷേമ പദ്ധതികളുടെ ഗുണം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. മഹാരാഷ്ട്രയുടേയും തെലങ്കാനയുടേയും രജിസ്‌ട്രേഷനിലുളള വാഹനങ്ങളും കുടുംബാംഗങ്ങള്‍ക്കുണ്ട്. വീട് രണ്ട് സംസ്ഥാനങ്ങളിലായി കിടക്കുന്നു എന്നത് കൊണ്ട് ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഉത്തം പവാര്‍ പറയുന്നു. രണ്ട് സംസ്ഥാനങ്ങളിലും തങ്ങള്‍ വസ്തുനികുതി അടയ്ക്കുന്നുണ്ട്. രണ്ട് സര്‍ക്കാരുകളുടേയും പദ്ധതികളുടെ ഗുണങ്ങളും ലഭിക്കുന്നുണ്ട്, ഉത്തം പവാര്‍ കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി പ്രശ്‌നം 1969ല്‍ പരിഹരിച്ചതോടെയാണ് പവാറിന്റെ വീട് രണ്ട് സംസ്ഥാനങ്ങളിലായി മാറിയത്. നിയമപരമായി ഈ ഗ്രാമങ്ങള്‍ മഹാരാഷ്ട്രയുടെ ഭാഗമാണ്. എന്നാല്‍ നിരവധി ക്ഷേമ പദ്ധതികളുമായി ഈ ഗ്രാമങ്ങളിലെ ആളുകളെ ആകര്‍ഷിക്കാനാണ് തെലങ്കാന സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications