കോൺഗ്രസിന്റെ 'ട്രംപ് കാർഡിനെ' വെട്ടും; ഹർദിക് പട്ടേലിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നത് ഇതാണ്
അഹമ്മദാബാദ്; നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൂടിയായിരുന്ന ഹർദിക് പട്ടേലിന്റെ രാജി കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കുറച്ച് നാളുകളായി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന പട്ടേൽ കഴിഞ്ഞ ദിവസമായിരുന്നു രാജി പ്രഖ്യാപിച്ചത്. ഉടൻ തന്നെ ഹർദിക് ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് വിവരം.
അതേസമയം കഴിഞ്ഞ നാല് മാസമായി ഹർദിക് ബി ജെ പി നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ടെന്ന് പാർട്ടി നേതാക്കൾ പറയുന്നു. ഹർദിക് പാർട്ടിയിൽ എത്തിയാൽ അത് നിയമസഭ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണകരമാകുമെന്നും നേതാക്കൾ വ്യക്തമാക്കി.
തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ

സംസ്ഥാനത്തെ പ്രബല സമുദായമായ പട്ടേൽ വിഭാഗത്തിൽ നിന്നുള്ള പ്രധാനിയായ നരേഷ് പട്ടേൽ കോൺഗ്രസിൽ ചേർന്നാൽ ഹർദിക് പട്ടേലിലൂടെ ആ നീക്കത്തിന് തടയിടാൻ സാധിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷയ്ക്കുന്നത്. ഗുജറാത്തിൽ നിർണായക സ്വാധീനമാണ് പട്ടേൽ സമുദായത്തിന് ഉള്ളത്. സംസ്ഥാനത്തെ 6 കോടി ജനസംഖ്യയിൽ ഏകദേശം 1.5 കോടി വരും പട്ടേലുമാർ.182 നിയമസഭാ സീറ്റുകളിൽ 65-70 മണ്ഡലങ്ങളിൽ പട്ടേൽ വിഭാഗത്തിന് നിർണായക സ്വാധീനമുണ്ട്.

പട്ടേൽ പ്രക്ഷോഭത്തിന് മുൻപ് വരെ ബി ജെ പിക്കായിരുന്നു സമുദായത്തിന്റെ പിന്തുണ. എന്നാൽ പ്രക്ഷോഭം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറ്റി മറിച്ചു. 1990 മുതൽ സംസ്ഥാനം ഭരിക്കുന്ന ബി ജെ പി 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി 99 സീറ്റുകളിൽ ഒതുങ്ങി. 2012 ൽ നേടിയ 116 സീറ്റിൽ നിന്നായിരുന്നു വീഴ്ച. പട്ടേൽ പ്രക്ഷോഭ നേതാവായ ഹാർദ്ദീക്കിന്റെ പിന്തുണയോടെ കോൺഗ്രസ് വൻ അട്ടിമറി തന്നെ നടത്തി. 77 സീറ്റുകൾ പാർട്ടിക്ക് നേടാനായി. 1995 മുതൽ ബിജെപി കോട്ടയായ സൗരാഷ്ട്രയിൽ പാർട്ടി 19 സീറ്റിലേക്ക് ചുരുങ്ങി. അതേസമയം കോൺഗ്രസ് ആകട്ടെ 28 സീറ്റ് നേടി മുന്നേറ്റം കാഴ്ച വെച്ചു.

കഴിഞ്ഞ വർഷം മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയെ സ്ഥാനത്ത് നിന്ന് മാറ്റി ഭൂപേന്ദ്ര പാട്ടീലിനെ നേതൃത്വം മുഖ്യമന്ത്രിയാക്കിയത് പട്ടേൽ വോട്ടുകൾ ലക്ഷ്യം വെച്ചായിരുന്നു. എന്നാൽ സമുദായത്തിനിടയിൽ വലിയ സമുദായം ഇല്ലാത്ത നേതാവാണ് ഭൂപേന്ദ്ര പട്ടേൽ. മുൻ ഉപമുഖ്യമന്ത്രിയായ നിതിൻ പട്ടേൽ ശക്തമായ സ്വാധീനമുളള നേതാവാണെങ്കിലും അദ്ദേഹത്തിന്റെ പ്രായമാണ് തടസം. ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിൽ നിതിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകാതിരുന്നതും പ്രായം ചൂണ്ടിക്കാട്ടിയായിരുന്നു. ഈ സാഹചര്യത്തിലാണ് സമുദായത്തെ ലക്ഷ്യം വെച്ച് ഹർദികിനെ പാർട്ടിയിലെത്തിക്കാൻ ബി ജെ പി ശ്രമിക്കുന്നത്.

ഹർദിക് ബി ജെ പിയിൽ ചേർന്നാൽ സൗരാഷ്ട്രയിൽ നിന്ന് അദ്ദേഹത്തെ പാർട്ടി മത്സരിപ്പിച്ചേക്കുമെന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം യുവ നേതാവായ ഹാർദീക്കിലൂടെ ആം ആദ്മിയേയും ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടി തന്നെയാകും ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുക. എങ്കിലും തൊഴിലില്ലായ്മ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി ആം ആദ്മി നടത്തുന്ന പ്രചരണങ്ങൾക്ക് ഹാർദ്ദീക്കിലൂടെ തടയിടാനാകുമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്.

അതേസമയം ഹർദിക് ബി ജെ പി പ്രവേശനത്തോട് പല മുതിർന്ന നേതാക്കൾക്കും കടുത്ത എതിർപ്പുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ഹാർദീക്കിനെ പോലുള്ള നേതാക്കൾക്ക് വലിയ ആൾക്കൂട്ടത്തെ ആകർഷിക്കാൻ സാധിക്കുമെങ്കിലും അവർക്ക് പാർട്ടി പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നാണ് നേതാക്കളുടെ വിമർശനം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇത്തരം അതൃപ്തികൾ പരിഹരിച്ചില്ലേങ്കിൽ അത് തിരിച്ചടിയാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ബെംഗളൂരുവിൽ കനത്ത മഴ; വെള്ളത്തിൽ മുങ്ങി നഗരം..ചിത്രങ്ങൾ കാണാം












Click it and Unblock the Notifications