'എന്റെ കാര്യത്തില്‍ ഇടപെടേണ്ട.. 25 വയസായി'; പങ്കാളിക്കൊപ്പം ജീവിക്കാന്‍ ശ്രദ്ധ മാതാപിതാക്കളോട് പറഞ്ഞത്
ന്യൂദല്‍ഹി: ലിവിംഗ് പാര്‍ട്ണറായ യുവതിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്ന് കഷണങ്ങളാക്കി കാട്ടില്‍ തള്ളിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 25 കാരിയായ ശ്രദ്ധ എന്ന പെണ്‍കുട്ടിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായിരിക്കുന്നത്.
വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ശ്രദ്ധയെ പങ്കാളിയായ അഫ്താബ് അമീന്‍ പൂനെവാല കൊലപ്പെടുത്താന്‍ കാരണം. കൊലപാതകത്തിന് ശേഷം സംഭവം മറച്ചുവെക്കാന്‍ ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ പൊലീസ് വിശദീകരിച്ചിരുന്നു. ഇരുവരുടേയും ബന്ധം ശ്രദ്ധയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇപ്പോഴിതാ അവസാനമായ ശ്രദ്ധ വീട്ടുകാരോട് പറഞ്ഞ കാര്യങ്ങളും പുറത്തായിരിക്കുകയാണ്.

മുംബൈയിലാണ് ശ്രദ്ധ ജനിച്ച് വളര്‍ന്നത്. മുംബൈയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ കോള്‍ സെന്ററിലായിരുന്നു ശ്രദ്ധയ്ക്ക് ജോലി. ഇവിടെ നിന്നാണ് അഫ്താബിനെ ശ്രദ്ധ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ അഫ്താബിനെ പിരിയാന്‍ ശ്രദ്ധ ഒരുക്കമായിരുന്നില്ല.

ഒടുവില്‍ 2019 ല്‍ ശ്രദ്ധ വീട് വിട്ടിറങ്ങി. എനിക്ക് ഇപ്പോള്‍ 25 വയസ്സായി. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അഫ്താബ് പൂനാവാലയുമായി ജീവിക്കാനാണ് എനിക്ക് ആഗ്രഹം. അതുകൊണ്ട് ഇന്ന് മുതല്‍ ഞാന്‍ നിങ്ങളുടെ മകളല്ലെന്ന് നിങ്ങള്‍ക്ക് കരുതാം, എന്നായിരുന്നു ശ്രദ്ധ അവസാനമായി വീട്ടുകാരോട് പറഞ്ഞ വാക്കുകള്‍.

ഇതിന് പിന്നാലെ മാതാപിതാക്കളെ ശ്രദ്ധ കണ്ടിട്ടില്ല. എന്നാല്‍ മകള്‍ പോയതിന് പിന്നാലെ പിതാവ് മുംബൈയിലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2020 ല്‍ ശ്രദ്ധയുടെ അമ്മ മരിച്ചിരുന്നു. മാസങ്ങളോളം മകളുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ പിതാവ് ആശങ്കാകുലനായി. ശ്രദ്ധയുടെ സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞതോടെ ആണ് മകളെ കാണാനില്ലെന്ന പരാതി നല്‍കിയത് എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2019-ല്‍ മകള്‍ എന്റെ ഭാര്യയോട് അവള്‍ക്ക് അഫ്താബുമായി ഒരു ലിവ്-ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ ഹിന്ദുക്കളായതിനാല്‍ മുസ്ലീമായ അഫ്താബുമായി മിശ്രവിവാഹത്തിന് താല്‍പര്യമില്ലായിരുന്നു. ഇതോടെ താന്‍ അഫ്താബിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചതായി ശ്രദ്ധ മാതാപിതാക്കളോട് പറയുകയും സാധനങ്ങളുമായി വീട്ടില്‍ നിന്ന് ഇറങ്ങുകയും ചെയ്തു.

പിന്നീട് അവള്‍ മാതാപിതാക്കളെ വെവ്വേറെ ബന്ധപ്പെടുകയും അഫ്താബ് അക്രമാസക്തനാണെന്ന് അവരോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അവനെ ഉപേക്ഷിക്കാന്‍ മാതാപിതാക്കള്‍ അവളോട് ആവശ്യപ്പെട്ടെങ്കിലും അവള്‍ ചെയ്തില്ല എന്നാണ് പൊലീസ് പറയുന്നത്. മേയ് 18 നാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ശരീരം 30 ലധികം കഷണങ്ങളാക്കി മുറിച്ച് മൂന്ന് മാസത്തിനുള്ളില്‍ സംസ്‌കരിക്കുകയായിരുന്നു.

മൃതദേഹത്തിന്റെ ഭാഗങ്ങള്‍ സൂക്ഷിക്കാനായി ഒരു ഫ്രിഡ്ജ് വാങ്ങിയിരുന്നു. പിന്നീട് മെഹ്റൗളി വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കാനും രക്തക്കറ വൃത്തിയാക്കാനുമുള്ള വഴികള്‍ അഫ്താബിന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications